View in English | Login »

Malayalam Movies and Songs

മങ്കട രവിവര്‍മ്മ

ജനനം1926 ജൂണ്‍ 04
മരണം2010 നവംബര്‍ 22
പ്രവര്‍ത്തനമേഖലഛായാഗ്രഹണം (14), സംവിധാനം (3)
ആദ്യ ചിത്രംഅവള്‍ (1967)


മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയ്ക്കടുത്ത് മങ്കട എന്ന ഗ്രാമത്തിലെ മങ്കട കോവിലകത്ത് പരമേശ്വരന്‍ ഭട്ടതിരിപ്പാടിന്റെയും കുഞ്ഞിക്കാവ് തമ്പുരാട്ടിയുടെയും മകനായി 1926 ജൂണ്‍ നാലിന് ജനിച്ചു. എം സി രവിവര്‍മ്മ രാജ എന്നാണ് യഥാര്‍ത്ഥ നാമം. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നും ബിരുദം എടുത്ത ശേഷം മദിരാശി പോളിടെക്നിക്കില്‍ ചേര്‍ന്ന് ഡിപ്ലോമ നേടി. 1954ല്‍ ഫിലിംസ് ഡിവിഷനില്‍ അസിസ്റ്റന്റ് ക്യാമറാമാന്‍ ആയി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചു. ജോലിയുടെ ഭാഗമായി നിരന്തരമായ യാത്രകളും നടത്തി. അനേകം ഡോക്ക്യുമെന്ററികളുടേയും ഹ്രസ്വചിത്രങ്ങളുടേയും നിര്‍മ്മാണത്തില്‍ പങ്കാളിയായി. ആദ്യ അവാര്‍ഡ് ഹിമാലയത്തെ പറ്റിയുള്ള ഹ്രസ്വചിത്രത്തിന് ലഭിച്ചു.

സ്വതന്ത്ര ഛായാഗ്രാഹകനാവണം എന്ന ആഗ്രഹത്താല്‍ ഫിലിംസ് ഡിവിഷനിലെ ജോലി ഉപേക്ഷിച്ചു മദിരാശിയില്‍ എത്തി. അഞ്ചു വര്‍ഷത്തോളം സിനിമകളില്‍ എത്തിപ്പെടാനാകാതെ ഹ്രസ്വചിത്രങ്ങളിലും ഡോക്ക്യുമെന്ററികളിലും ഭാഗഭാക്കായി മദിരാശിയില്‍ കഴിഞ്ഞു. 1966ല്‍ അസീസ്‌ സംവിധാനം ചെയ്ത അവള്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായി. എഴുപതില്‍ പി എന്‍ മേനോന്റെ ഓളവും തീരവും എന്ന ചിത്രം ചെയ്തു. എം ടിയുടെ തിരക്കഥയില്‍ പൂര്‍ണ്ണമായും പുറം വാതിലില്‍ ചിത്രീകരിച്ച പടമായിരുന്നു അത്. മലയാള സിനിമയിലെ ഒരു നാഴികക്കല്ലായ ഈ ചിത്രത്തിന്റെ ഛായാഗ്രാഹകന്‍ എന്ന നിലയിലാണ് രവി വര്‍മ്മയുടെ പ്രശസ്തി തുടങ്ങുന്നത്. കേരള സംസ്ഥാന പുരസ്കാരം മികച്ച ഛായാഗ്രാഹകനെ തേടി എത്തുകയും ചെയ്തു.

പിന്നീട് അടൂര്‍ ഗോപാലകൃഷ്ണനുമായുള്ള സൗഹൃദത്തിന്റെ നാളുകളായിരുന്നു. സ്വയംവരം മുതല്‍ നിഴല്‍ക്കൂത്ത് വരെ നീണ്ടു നിന്ന അതിവിസ്മയകരമായ ആ സൗഹൃദം മലയാളത്തിനും ലോകത്തിനും അഭ്രപാളികളിലെ വിസ്മയങ്ങള്‍ സമ്മാനിച്ചു. അടൂരിന്റെ ഒന്‍പതു ചലച്ചിത്രങ്ങള്‍ക്കും ഏഴു ഡോക്ക്യുമെന്ററികള്‍ക്കും രവിവര്‍മ ക്യാമറ ചലിപ്പിച്ചു. 1973ല്‍ അരവിന്ദന്റെ ഉത്തരായനത്തിലും രവിവര്‍മ്മയുടെ ക്യാമറയുടെ മാന്ത്രികസ്പര്‍ശമാണ് കാണാന്‍ കഴിയുക.

എണ്‍പത്തി നാലില്‍ അദ്ദേഹം എം ഗോവിന്ദന്റെ കവിതയും തിരക്കഥയും ആസ്പദമാക്കി നോക്കുകുത്തി എന്ന ചലച്ചിത്രവും, എണ്‍പത്തി ഒന്‍പതില്‍ കുഞ്ഞിക്കൂനന്‍ എന്ന കുട്ടികളുടെ ചിത്രവും സംവിധാനം ചെയ്തു. ഞരളത്ത് രാമ പൊതുവാളിനെ കുറിച്ചുള്ള ഡോക്യുമെന്ററി വളരെ ശ്രദ്ധ നേടിയിരുന്നു.

ഓളവും തീരവും കൂടാതെ, സ്വയംവരത്തിനു ദേശീയ പുരസ്കാരം, ഉത്തരായനം, എലിപ്പത്തായം, നോക്കുകുത്തി, മുഖാമുഖം, നിഴല്‍ക്കുത്ത് എന്നിവയിലൂടെ സംസ്ഥാന പുരസ്കാരങ്ങളും നേടി.

എലിപ്പത്തായം എന്ന ചിത്രം ലോകശ്രദ്ധ നേടിയിരുന്നു. ഛായാഗ്രഹണകലയെ സമഗ്രമായി പരിചയപ്പെടുത്തുന്ന 'ചിത്രം ചലച്ചിത്രം' എന്ന ഗ്രന്ഥം അദ്ദേഹം ഛായാഗ്രഹണ കുതുകികള്‍ക്കായി രചിച്ചു. സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരവും ഇതിനു ലഭിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയല്‍ പുരസ്കാരവും മരിക്കുന്നതിനു കുറച്ചു നാള്‍ മുന്‍പ് അദ്ദേഹത്തിനു ലഭിച്ചു.

ശ്രീ മങ്കട രവിവര്‍മ അവിവാഹിതനായിരുന്നു. സഹോദരി തങ്കമണി തമ്പുരാട്ടിയുടെയും കുടുംബത്തിന്റെയുമോപ്പം മദിരാശിയിലായിരുന്നു താമസം. മറവിരോഗത്തിനടിമയായി, അഭ്രപാളികളില്‍ വിസ്മയം തീര്‍ത്ത ആ മഹാ പ്രതിഭ 2010 നവംബര്‍ ഇരുപത്തി രണ്ടിന് എണ്‍പത്തി നാലാമത്തെ വയസ്സില്‍ അന്തരിച്ചു.



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഛായാഗ്രഹണംസംവിധാനം
19671 -
19701 -
19721 -
1974 - 1
19751 -
19781 -
19821 -
198311
19841 -
19872 -
1989 - 1
19901 -
19941 -
19961 -
20031 -