View in English | Login »

Malayalam Movies and Songs

എം ഒ ജോസഫ്

മരണം2016 ജനുവരി 08
സ്വദേശംതൃശ്ശൂര്‍
പ്രവര്‍ത്തനമേഖലനിര്‍മ്മാണം (26)
ആദ്യ ചിത്രംനാടന്‍പെണ്ണ് (1967)


എഴുപതുകളിലെ മലയാള സിനിമാരംഗത്ത് അന്തസ്സ് നിറഞ്ഞ ഒരു ബാനറായിരുന്നു മഞ്ഞിലാസ്. പ്രമേയപരമായി ഇത്രയും വൈവിദ്ധ്യം പുലര്‍ത്തിയ സിനിമകള്‍ മറ്റേതെങ്കിലും ബാനറിന് കീഴെ ഒരുങ്ങിയിട്ടുണ്ടോ എന്ന് സംശയമാണ്. ഈ നിര്‍മ്മാണക്കമ്പനിയുടെ സ്ഥാപകനായ എം.ഒ.ജോസഫ് എറണാകുളത്ത് ബി.കോം. വിദ്യാര്‍ത്ഥിയായിരിക്കെത്തന്നെ അദ്ദേഹത്തിന്റെ സിനിമാബന്ധം ആരംഭിച്ചു കഴിഞ്ഞിരുന്നു. അച്ഛന്‍ ജോസഫ് മഞ്ഞില എറണാകുളത്തെ ഷേണായീസ് തീയേറ്റര്‍ ശൃംഖലയുടെ മാനേജരായിരുന്നു. ചാര്‍ട്ടേണ്ട് അക്കൌണ്ടന്റുമാരായ കേരളവര്‍മ്മ, രാമവര്‍മ്മ, തൃപ്പൂണിത്തുറയിലെ രവിവര്‍മ്മ തമ്പുരാന്‍, ടി.ഇ.വാസുദേവന്‍, എറണാകുളത്തെ തീയേറ്റര്‍ ഉടമകളായിരുന്ന ഷേണായിമാര്‍ എന്നിവര്‍ ചേര്‍ന്ന് രൂപം നല്‍കിയ അസോഷ്യേറ്റഡ് പിക്ക്ച്ചേഴ്സിലൂടെ അങ്ങിനെ എം.ഒ.ജോസഫും സിനിമയിലേക്കെത്തി.
ഉദയാ സ്റ്റൂഡിയോയില്‍ നടന്നിരുന്ന 'ജീവിതനൌക'യുടെ ഷൂട്ടിങ്ങ് കണ്ട് ബാലപാഠങ്ങള്‍ പഠിച്ച ജോസഫ്, അസോഷ്യേറ്റഡ് പ്രൊഡക്ക്ഷന്‍സ് തമിഴിലും മലയാളത്തിലും നിര്‍മ്മിച്ച 'അമ്മ' എന്ന സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവായി. അസോഷ്യേറ്റഡ് പിക്ക്ച്ചേഴ്സിനൊപ്പം പതിനേഴ് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കൊല്ലത്തെ ഒരു സ്നേഹിതന്‍ ബാള്‍ത്തസാറും, സിംഗപ്പൂരുള്ള എം.വി.ജോസഫും ചേര്‍ന്ന് 'നവജീവന്‍ ഫിലിംസ്' എന്ന പേരില്‍ ഒരു നിര്‍മ്മാണക്കമ്പനി തുടങ്ങി.
'നാടന്‍ പെണ്ണ്', 'തോക്കുകള്‍ കഥപറയുന്നു' എന്നീരണ്ട് ചിത്രങ്ങള്‍ക്ക് ശേഷം,'നവജീവനി'ല്‍ നിന്ന് പിരിഞ്ഞ് സ്വന്തമായൊരു നിര്‍മ്മാണക്കമ്പനി തുടങ്ങി. ബാനറിന്റെ പേര് എന്താവണമെന്ന് തിരക്കിയപ്പോള്‍ അച്ഛന്‍ നിര്‍ദേശിച്ചത് തറവാട്ടുപേരു തന്നെ. അങ്ങനെ മഞ്ഞിലാസ് ഫിലിംസ് പിറന്നു.
മലയാറ്റൂരിന്റെ പ്രശസ്തമായ 'യക്ഷി'യായിരുന്നു ആദ്യചിത്രം 1968ല്‍. പിന്നീടവിടുന്നങ്ങോട്ട് മലയാള സാഹിത്യത്തിലെ ഈടുറ്റ പല നോവലുകളുമെടുത്ത് സിനിമയാക്കി. കലാപരമായും സാമ്പത്തികമായും എം.ഒ.ജോസഫ് കൈവരിച്ച വിജയം അസൂയാവഹമായിരുന്നു. 1969 ജൂലായില്‍ പുറത്തിറങ്ങിയ കടല്‍പ്പാലം ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ അഞ്ചെണ്ണം സ്വന്തമാക്കി.
സിനിമയെടുക്കാനുള്ള പണം നല്‍കി ബാക്കിയെല്ലാം സംവിധായകനെയും നിര്‍മാണ സഹായികളെയും ഏല്‍പ്പിച്ചു മാറിനില്‍ക്കുന്ന ആളായിരുന്നില്ല ജോസഫ്. കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതം, ആലാപനം, അഭിനേതാക്കള്‍ തുടങ്ങി സകലതും അദ്ദേഹത്തിന്റെ അഭിപ്രായത്തിനും തീരുമാനത്തിനും വിധേമായേ മുന്നോട്ടുനീങ്ങിയിരുന്നുള്ളൂ.
താന്‍ നിശ്ചയിക്കാത്ത ഒറ്റ ഷോട്ടുപോലും തന്റെ ഒരു സിനിമയിലും കാണില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. സിനിമ സംവിധായകന്റെയെന്നതു പോലെ നിര്‍മിതാവിന്റെയും കലാസൃഷ്ടിയാണെന്ന നിലപാടില്‍ അദ്ദേഹമെപ്പോഴും ഉറച്ചുനിന്നു.
വയലാര്‍-ദേവരാജന്‍ ജോഡിയുടെ മറക്കാനാകത്ത ഗാനങ്ങളില്‍ ഒരുപാട് മഞ്ഞിലാസും സംഭാവന ചെയ്തിട്ടുണ്ട്.
മലയാളത്തിന്റെ അനശ്വരനടന്‍ സത്യനായിരുന്നു മഞ്ഞിലാസിന്റെ ഏറ്റവും വലിയ ശക്തി. അദ്ദേഹത്തിന്റെ മരണത്തോടെ മഞ്ഞിലാസിനും പഴയ പ്രതാപം നിലനിര്‍ത്താനാകാതെ വന്നു.
സാമ്പത്തികവിജയം കുറഞ്ഞതോടെ കടബാധ്യതകളില്‍ കുടുങ്ങാതിരിക്കാന്‍ നിര്‍മാണ രംഗത്ത് നിന്ന് പിന്‍മാറാമെന്ന നിര്‍ദേശം മക്കളുടെ ഭാഗത്തുനിന്നുമുണ്ടായി. അവരെല്ലാം സ്വന്തം കാലില്‍ നില്‍ക്കാനായിരിക്കെ അതായിരിക്കും നല്ലതെന്ന് തീരുമാനിച്ച ജോസ്ഫ്, അങ്ങനെ നീണ്ട 37 വര്‍ഷത്തെ സിനിമാ ജീവിതത്തിന്റെ തിരക്കുകള്‍ക്കെല്ലാം അവധി നല്‍കി വിശ്രമിക്കാനുറച്ചു.
ആശാന്‍ മെമ്മോറിയല്‍ അസോസിയേഷന്‍, മലയാളി ക്ലബ്ബ്, ചലച്ചിത്ര പരിഷത്ത് എന്നിവയുടെയെല്ലാം ഭാഗമെന്ന നിലയില്‍ എണ്‍പതുകളുടെ നിറവിലും ചെന്നൈയിലെ മലയാളി കൂട്ടായ്മകളില്‍ എം.ഒ.ജോസഫ് ക്രിയാത്മകജീവിതം തുടരുന്നതിനിടെ ചെന്നൈ സാന്തോമിലെ വീട്ടില്‍ 2016 ജനുവരി 8 ന് ഉച്ചയ്ക്ക് മൂന്നോടെ അന്തരിച്ചു.
ഒരു കാലത്ത് മലയാള സിനിമയുടെ അരങ്ങും അണിയറയും വാണ ഈ മുതലാളിയുടെ കുടുംബം ഭാര്യ കുഞ്ഞമ്മയും അഞ്ചു മക്കളും അടങ്ങുന്നതാണ് - ജോസി, മാത്യു (അബുദാബി), ബീന (ഡല്‍ഹി), റൂബി (മസ്‌കറ്റ്), അനു (മുംബൈ).



തയ്യാറാക്കിയത് : ജയശ്രീ തോട്ടേക്കാട്ട്



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംനിര്‍മ്മാണം
19671
19682
19692
19702
19711
19722
19732
19741
19752
19762
19772
19782
19791
19801
19811
19821
19831