View in English | Login »

Malayalam Movies and Songs

ഗായക പീതാംബരം

യഥാര്‍ത്ഥ പേര്പീതാംബര മേനോൻ
സ്വദേശംഇരിഞ്ഞാലക്കുട
പ്രവര്‍ത്തനമേഖലആലാപനം (1 സിനിമകളിലെ 4 പാട്ടുകള്‍), ഗാനരചന (1 സിനിമകളിലെ 3 പാട്ടുകള്‍), അഭിനയം (1)
ആദ്യ ചിത്രംവെള്ളിനക്ഷത്രം (1949)


ഗായക പീതാംബരം അഥവാ എം ആര്‍ പീതാംബര മേനോന്‍ . തിരുവിതാംകൂര്‍ ജഡ്ജി സി രാമന്‍ തമ്പിയുടെ മകനായി ജനിച്ചു. ഇരിങ്ങാലക്കുടയിലെ പ്രശസ്തമായ മാത്രുപ്പള്ളി കുടുംബാംഗമാണ്. മലയാളത്തിലെ ആദ്യ നായകന്മാരില്‍ ഒരാള്‍ ആണ് പീതാംബര മേനോന്‍. തിരുവിതാംകൂര്‍ സ്വാതി തിരുനാള്‍ സംഗീത അക്കാദമിയില്‍ നിന്നും 'ഗായക' പട്ടം നേടി യാണ് സിനിമയ്ക്ക് വേണ്ടി ഗായക പീതാംബരം എന്ന പേര് സ്വീകരിക്കുന്നത്. വെള്ളിനക്ഷത്രം എന്ന ആദ്യകാല സിനിമയില്‍ നായകനായിരുന്നു. വെള്ളി നക്ഷത്രത്തിലെ ഗാനങ്ങളും അദ്ദേഹമാണ് ആലപിച്ചിരിക്കുന്നത്. ആകാശവാണിയില്‍ എ ഗ്രേഡ് ശാസ്ത്രീയ സംഗീതജ്ഞന്‍ ആയിരുന്നു. സഹോദരന്‍ എം ആര്‍ മധുസൂദന മേനോനൊടൊപ്പം നിരവധി പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. 1994 ല്‍ അങ്കമാലിയില്‍ വച്ച് അപകടത്തില്‍ മരിച്ചു.

അഭിനയത്തില്‍ യാതൊരു മുന്‍ കാല പരിചയവും ഇല്ലാതിരുന്ന പീതാംബര മേനോനെ നായകനാക്കിയത്തിനു പിന്നിലെ കഥ അദ്ദേഹത്തിന്‍റെ സഹോദരന്‍ മധുസൂദന മേനോന്‍ പറയുന്നത് ഇങ്ങനെ ' കുഞ്ചാക്കോയും കെ വി കോശിയും ചേര്‍ന്ന് കെ ആന്‍ഡ് കെ പ്രോടക്ഷന്‍സ് ആയിരുന്നു ആദ്യം. ഉദയാ സ്റ്റുഡിയോ ആദ്യം നിര്‍മ്മിക്കുന്ന ചിത്രത്തിന് ഒരു നായകന്‍ വേണം. അതിനു അന്നുള്ള സിനിമാ നാടക നടന്മാരൊന്നും പോര എന്ന് അവര്‍ തീരുമാനിക്കുന്നു. നല്ല തറവാട്ടു മഹിമയുള്ള ഒരു നടനെ ആണ് അവര്‍ക്ക് വേണ്ടിയിരുന്നതത്രേ! ആദ്യചിത്രം വിജയിക്കാന്‍ അത് അത്യാവശ്യമായിരുന്നെന്ന്‍ അവര്‍ വിശ്വസിച്ചു. അങ്ങനെയാണ് തിരുവിതാംകൂര്‍ ഹൈക്കോടതിയിലെ ജഡ്ജി ആയിരുന്ന ചെറുപറമ്പത്ത് രാമന്‍ തമ്പിയുടെ ഗായകനായ മകനെ തിരക്കി അവര്‍ തറവാട്ടില്‍ എത്തുന്നത്. കാണാന്‍ സുന്ദരനായിരുന്ന പീതാംബരമേനോന്‍ അങ്ങനെ നായകനാവാന്‍ തയ്യാറായി. പക്ഷെ അഭിനയിക്കാനോ അഭിനയിച്ചോ ഒരു പരിചയവുമില്ല. അഭിനയിക്കുന്നവര്‍ കാമറയിലേക്ക് നോക്കരുത് എന്നാണല്ലോ നിയമം. ഇതൊന്നും പീതാംബരമെനോനു അറിയില്ല. അദ്ദേഹം ആദ്യ ഷോട്ടില്‍ നേരെ കാമറയിലേക്ക് നോക്കി ഒരു കൂപ്പുകൈ ആണ് ചെയ്യുന്നത്. സംവിധാനം ചെയ്യാന്‍ നാട്ടില്‍ ആളില്ലാത്ത പോലെ കൊണ്ട് വന്നത് ജര്‍മന്‍കാരനായ ഫെലിക്സ് ജെ ബെയ്സിനെ കൊണ്ടുവന്ന്‍ സംവിധാനം ചെയ്യിച്ചു.' സിനിമ ഒരു വന്‍ പരാജയമായിരുന്നു. പക്ഷെ പീതാംബരമെനോന്റെ ഗാനങ്ങള്‍ അതിമനോഹരമായിരുന്നുവത്രേ. നാല് രാഗങ്ങളുള്ള ഒരു രാഗമാലിക അദ്ദേഹം അതില്‍ ആലപിച്ചിരുന്നത് വളരെ ജനപ്രിയമായി. മിസ്‌ കുമാരി തന്റെ സ്വന്തം ശബ്ദത്തില്‍ ആലപിച്ചിരിക്കുന്ന ഒരു ഗാനം ഈ ചിത്രത്തില്‍ ഉണ്ടെന്നും മധുസൂദന മേനോന്‍ ഓര്‍ത്തെടുക്കുന്നു. ചിത്രത്തിലെ ഒരു പതാക ഉയര്‍ത്തല്‍ ചടങ്ങ്നോട് അനുബന്ധിച്ചുള്ള ഗാനമാനത്രേ മിസ്‌ കുമാരി ആലപിച്ചത്. ഏതായാലും ഒരു ഫ്രെയിമോ ഒരു ഗാനശകലമോ അവശേഷിപ്പിക്കാതെ വെള്ളിനക്ഷത്രം എന്ന സിനിമ മലയാള സിനിമാ ചരിത്രത്തില്‍ നിന്നുതന്നെ അപ്രത്യക്ഷമായിരിക്കയാണ്.
പീതാംബരമേനോന്‍ പിന്നീട് സിനിമയില്‍ അഭിനയിച്ചില്ല. അദ്ദേഹം ശാസ്ത്രീയ സംഗീതക്കച്ചെരികളും കലാപ്രവര്‍ത്തനവുമായി കാലം കഴിച്ചു.
(വയോധികനായ മധുസൂദന മേനോന്റെ മുറിഞ്ഞ ഓര്‍മകളില്‍ നിന്നും തേടി എടുത്തതാണ് ഈ വിവരങ്ങള്‍. ഓര്മ വരുമ്പോള്‍ ബാക്കിയുള്ള വിവരങ്ങളും പറഞ്ഞു തരാം എന്ന് അദ്ദേഹം പറഞ്ഞിരിക്കുന്നു.)



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംആലാപനംഗാനരചനഅഭിനയം
19494 - 1 - -
1953 - 3 - - -