View in English | Login »

Malayalam Movies and Songs

ഐ എസ് കുണ്ടൂര്‍

യഥാര്‍ത്ഥ പേര്മോഹൻ നായർ
ജനനം1959 മെയ് 31
സ്വദേശംകുണ്ടൂർ
പ്രവര്‍ത്തനമേഖലഗാനരചന (15 സിനിമകളിലെ 26 പാട്ടുകള്‍)
ആദ്യ ചിത്രംമേലേപ്പറമ്പില്‍ ആണ്‍വീട് (1993)


ചലച്ചിത്രഗാന രചയിതാവ്, എഴുത്തുകാരൻ, പ്രഭാഷകൻ, പത്രപ്രവർത്തകൻ, സാംസ്കാരിക നായകൻ എന്നീ നിലകളിൽ ഐ എസ് കുണ്ടൂർ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന മോഹൻനായർ നാല് പതിറ്റാണ്ടിലേറെയായി കേരളത്തിന്റെ സാഹിത്യ-സാംസ്കാരിക മേഖലകളിൽ സജീവ സാന്നിധ്യമാണ്.

1959 മെയ് 31 ന് തൃശൂർ ജില്ലയിലെ പുഴയോര ഗ്രാമമായ കുണ്ടൂരിൽ പുരാതന നായർ കുടുംബമായ ഐക്കരവീട്ടിൽ വിലാസിനിയമ്മ - ശങ്കരൻ നായർ ദമ്പതികളുടെ മൂത്തമകനായി ജനിച്ചു. കുണ്ടൂർ ഗവൺമെന്റ് യു പി സ്‌കൂൾ, ഇളന്തിക്കര ഹൈസ്‌കൂൾ, മാള സെന്റ് തെരേസാസ് കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. മാള മെറ്റ്സ് എഞ്ചിനീയറിംഗ് കോളേജിലടക്കം വിവിധ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം സമാന്തര വിദ്യാഭ്യാസ രംഗത്ത് അധ്യാപകനെന്ന നിലയിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ചു.

എഴുപതുകളുടെ മദ്ധ്യത്തോടെ അമേച്വർ നാടക രചയിതാവായും സംവിധായകനായും കലാപ്രവർത്തനങ്ങൾക്കു തുടക്കമിട്ട മോഹൻനായർ നാടകഗാന രചനയിൽ സജീവമായതോടെ, ഐ എസ് കുണ്ടൂർ എന്ന തൂലികാനാമം സ്വീകരിച്ചു. 1993 ൽ പുറത്തിറങ്ങിയ "മേലേപ്പറമ്പിൽ ആൺവീട്" എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ സിനിമയിലും ചുവടുറപ്പിച്ചു. ആദ്യചിത്രത്തിലെ "മധുരസ്വപ്‌നങ്ങളൂയലാടുന്ന സ്വർണ്ണത്തേരിൽ" എന്ന ഗാനത്തിലൂടെ 1993 ൽ സുജാതക്കും, "വാർദ്ധക്യപുരാണം" എന്ന ചിത്രത്തിലെ "വീണപാടും ഈണമായി" എന്ന ഗാനത്തിലൂടെ 1994 ൽ കെ എസ് ചിത്രക്കും മികച്ച ഗായികമാർക്കുള്ള അവാർഡ് നേടികൊടുത്തവയുൾപ്പെടെ "വധു ഡോക്ടറാണ്", "അനിയൻ ബാവ ചേട്ടൻ ബാവ", "കർമ്മ", "കുസൃതിക്കാറ്റ്", "പുതുക്കോട്ടയിലെ പുതുമണവാളൻ", "ആദ്യത്തെ കണ്മണി", "പാണ്ടിപ്പട" തുടങ്ങി ഇരുപതോളം ചിത്രങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചു. കൂടാതെ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും ദേശഭക്തിഗാനങ്ങളും ഉൾപ്പെടെ ആയിരത്തിലേറെ ഗാനങ്ങൾ രചിച്ചു. കവിതകൾക്ക് പുറമെ, പഠനാർഹങ്ങളായ ഒട്ടേറെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്ധ്യാത്മിക-സാംസ്കാരിക സദസ്സുകളിലും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമടക്കം ഭാരതത്തിനകത്തും പുറത്തുമായി നാലായിരത്തിലേറെ പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.

കുട്ടികൾക്കും മുതിർന്നവർക്കും ഭാരതീയ പൈതൃകത്തിലൂന്നിയ വ്യക്തിത്വ വികസനം, നേതൃപാടവം, പ്രസംഗകല എന്നിവയടക്കമുള്ള വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നടത്തി വരുന്ന കുണ്ടൂർമാഷ് വലിയൊരു ശിഷ്യസമ്പത്തിനുടമയും പതിറ്റാണ്ടുകളായി പറവൂർ ദക്ഷിണമൂകാംബിക ക്ഷേത്രത്തിലെ വിദ്യാരംഭം ചടങ്ങിൽ പ്രമുഖ ആചാര്യനുമാണ്.

സാഹിത്യപുരസ്കാരങ്ങൾക്കുപുറമെ, ആദ്ധ്യാത്മികപ്രഭാഷണരംഗത്തെ സമഗ്രസംഭാവനക്ക് വിവിധ ക്ഷേത്ര-സത്രസമിതികളുടേയും വൈദികതന്ത്രവിദ്യാപീഠത്തിന്റെയും ആദരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. ജനയുഗം പത്രാധിപസമിതി അംഗമായിരിക്കെ, 2017 ൽ ജോലിയിൽ നിന്നും വിരമിച്ചു.

എറണാകുളം ചേന്ദമംഗലത്ത് കൗസ്തുഭം കോവിലകം എന്ന വീട്ടിൽ താമസിക്കുന്നു. ഭാര്യ : വാർമയിൽ കുടുംബാംഗം സതീദേവി. മക്കൾ : ചിത്തരഞ്ജൻ മേനോൻ, ഡോ. വിഷ്ണുദത്തമേനോൻ.



തയ്യാറാക്കിയത് : സുനീഷ് മേനോന്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഗാനരചന
19931 -
19946 -
19958 -
19962 -
19972 -
20051 -
20093 -
20133 -