View in English | Login »

Malayalam Movies and Songs

കുട്ട്യേടത്തി വിലാസിനി

പ്രവര്‍ത്തനമേഖലഅഭിനയം (58)
ആദ്യ ചിത്രംതച്ചോളി ഒതേനന്‍ (1964)


അഭിനയിച്ച വേഷത്തിന്റെ പേരിൽ പിന്നീടറിയപ്പെടാൻ ഭാഗ്യം സിദ്ധിച്ച ഒരു നല്ല കലാകാരിയാണു് കുട്ട്യേടത്തി വിലാസിനി. തൃശ്ശൂരിൽ ജനിച്ച ‘ബ്രോണി’ എന്ന ഈ അഭിനേത്രി നാടകാഭിനയത്തിലൂടെയാണു് കലാരംഗത്തു് കടന്നു വരുന്നതു്. തൃശ്ശൂർ പ്രദേശത്തു് നിലവിലുണ്ടായിരുന്ന ഒരു പ്രാദേശികമായ രീതിയനുസരിച്ചു് ക്രിസ്ത്യൻ വിവാഹാനന്തരച്ചടങ്ങുകളിൽ പാട്ടു പാടുന്ന ഒരു കലാകാരി ആയിരുന്നു അമ്മ.

5 മക്കളിൽ മൂത്ത ആളായിരുന്നു വിലാസിനി. ചെറുപ്പത്തിലേ സംഗീതത്തോടു് ആഭിമുഖ്യം ഉണ്ടായിരുന്നു. സംഗീതം പഠിപ്പിച്ചിരുന്ന മാസ്റ്റർ നടത്തിയിരുന്ന ഒരു നാടകസമിതിയിൽ അഭിനയിക്കാൻ പോയതോടെ കലാരംഗത്തു വന്നു. കൂടെ അനിയത്തി എത്സിയും ബന്ധു ആയിരുന്ന സെലീനയും ഉണ്ടായിരുന്നു. ഒരു ജീവിതമാർഗ്ഗം ആയിരുന്നു ലക്ഷ്യം. പക്ഷെ ജീവിച്ചുപോകുവാനുള്ള പ്രതിഫലം ലഭിക്കില്ല എന്നു വന്നതോടെ കോഴിക്കോട്ടേക്കു മാറി. അവിടെ ശ്രീ കെ. ടി. മുഹമ്മദിന്റെ സംഗമം തിയറ്റേഴ്സ് എന്ന പ്രസിദ്ധനാടകസമിതിയിൽ ചേർന്നു. വിലാസിനി എന്നു പുതിയ പേരു നൽകപ്പെട്ടു. ആദ്യമായി ‘സൃഷ്ടി’ എന്ന നാടകത്തിൽ ആണു് അഭിനയിച്ചതു്. അതോടെ “കോഴിക്കോടു് വിലാസിനി” എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.

അതിനിടെ തച്ചോളി ഒതേനൻ, കുഞ്ഞാലി മരയ്ക്കാർ, ആൽ‌മരം, കടൽ‌പ്പാലം തുടങ്ങി ചില സിനിമകളിൽ മുഖം കാണിച്ചു. പിന്നീടു് മേയ്ക്കപ്മാൻ ശ്രീ രാഘവൻ ആണു് കുട്ട്യേടത്തിയിലേക്കുള്ള വഴി ഒരുക്കുന്നതു്. ശ്രീ എം. ടി യും ശ്രീ പി. എൻ. മേനോനും കുട്ട്യേടത്തി സിനിമയുടെ ചർച്ചാവേളയിൽ കുട്ട്യേടത്തി ആയി കോഴിക്കോടു് വിലാസിനിയെ നിശ്ചയിക്കുന്നതിൽ ശ്രീ രാഘവനും ഭാഗമായി. അങ്ങനെ ആ സിനിമയിൽ കുട്ട്യേടത്തി ആയി സത്യൻ മാഷിന്റെ നായികാപദവിയിൽ എത്തി ഈ കലാകാരി. “അതിനകം രണ്ടു കുട്ടികളുടെ അമ്മ ആയ എനിക്കു് ഇത്തരം ഒരു അവസരം തീരെ പ്രതീക്ഷിച്ചതായിരുന്നില്ല” എന്ന ശ്രീമതി വിലാസിനി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ടു്. അതിനു ശേഷം ‘പണിമുടക്കു്’ ഉൾപ്പെടെ ശ്രീ പി. എൻ. മേനോന്റെ അടുത്ത മൂന്നു സിനിമകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം വിലാസിനിക്കുണ്ടായി. ‘ദ്വീപ്’ എന്ന സിനിമയിലെ അഭിനയത്തിനു് കേരളസർക്കാരിന്റെ അവാർഡും ലഭിച്ചു - ഏറ്റവും നല്ല സഹനടിക്കുള്ള അവാർഡ്. നാടകാഭിനയത്തിനും അവാർഡുകൾ ലഭിച്ചു.

മദിരാശിയിലേക്കു വീടു മാറാൻ കഴിയാഞ്ഞതിനാൽ അവസരങ്ങൾ ഉണ്ടായിരുന്നിട്ടും കൂടുതൽ സിനിമകളിൽ അഭിനയിക്കാൻ പറ്റിയില്ല ഇവർക്കു്. കുടുംബത്തിനെ സംരക്ഷിക്കേണ്ട ചുമതല നിർവ്വഹിക്കാൻ നാടകാഭിനയം തന്നെ മുഖ്യജോലി ആക്കി തുടർന്നു. 1990-ൽ ഒരു നാടകസമിതി തുടങ്ങിയെങ്കിലും ചിലരുടെ ദുരുദ്ദേശ്യപ്രവർത്തനങ്ങൾ മൂലം വലിയ സാമ്പത്തികബാധ്യത ആയി മാറി അതു്. പിന്നീടു് കുറേ നാൾ ടി.വി. സീരിയല്‍ രംഗത്തു് സജീവമായി. 2009-ൽ ‘ബയോസ്കോപ്’ എന്ന ചിത്രത്തിൽ ഒരു വേഷത്തിൽ അഭിനയിച്ചു.

ഇപ്പോൾ അഭിനയരംഗത്തു് വലിയ അവസരങ്ങളൊന്നും ലഭിക്കാതെ, പക്ഷെ അഭിനയമോഹങ്ങളുമായി, രണ്ടു മക്കളും അവരുടെ കുടുംബങ്ങളുമൊത്തു് കോഴിക്കോടു് കഴിയുന്നു ഈ അനുഗൃഹീതകലാകാരി.



References:

http://www.youtube.com/watch?v=D_QMM7VzWKY
http://www.youtube.com/watch?v=1dWlgCChh5Y
http://www.youtube.com/watch?v=1F-HVg-A4xE
http://www.youtube.com/watch?v=ENpd-rViqVY
manoramanews.com http://bit.ly/gd3iSe
http://www.metrovaartha.com/2009/06/04105955/bioscope-cinema.html



തയ്യാറാക്കിയത് : കല്ല്യാണി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19641
19671
19692
19711
19721
19732
19773
19782
19794
19802
19813
19825
19833
19843
19851
19861
19872
19881
19903
19932
19941
19973
19981
19991
20001
20011
20022
20133
20181
20191