View in English | Login »

Malayalam Movies and Songs

പദ്മിനി

ജനനം1932 ജൂണ്‍ 12
സ്വദേശംതിരുവനന്തപുരം
പ്രവര്‍ത്തനമേഖലഅഭിനയം (21)
ആദ്യ ചിത്രംപ്രസന്ന (1950)
മക്കള്‍പ്രേം ആനന്ദ്


തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന മൂവരില്‍ രണ്ടാമത്തെ സഹോദരിയായിരുന്നു പദ്മിനി. തിരുവനന്തപുരത്തു പൂജപ്പുരയില്‍ തങ്കപ്പന്‍ പിള്ളയുടെയും സരസ്വതിയമ്മയുടെയും രണ്ടാമത്തെ മകളായി 1932 ജൂണ്‍ 12 -നു ജനിച്ചു. മൂത്ത സഹോദരി ലളിതയോടും ഇളയ സഹോദരി രഗിണിയോടും ഒപ്പം ഇന്ത്യയിലും ലോകമെമ്പാടും നൃത്തപ്രകടനങ്ങള്‍ കാഴ്ച വച്ച് ജനങ്ങളുടെ ഹൃദയം കവര്‍ന്നു. മൂന്നു സഹോദരിമാരും പില്‍ക്കാലത്ത് സിനിമയില്‍ അഭിനയിച്ചു.

ചെറു പ്രായത്തിലേ പദ്മിനി പ്രശസ്തനായ ഗുരു ഗോപിനാഥിന്റെ ശിഷ്യണത്തില്‍ കഥകളി അഭ്യസിച്ചു തുടങ്ങി. നാലാം വയസ്സില്‍ രംഗത്ത് കഥകളി അവതരിപ്പിച്ചു. അതിനു ശേഷം ഭരതനാട്യം അഭ്യസിച്ചു. പത്താം വയസ്സില്‍ തിരുവനന്തപുരം വി ജെ ടി ഹാളില്‍ വെച്ചായിരുന്നു അരങ്ങേറ്റം. പതിനേഴാം വയസ്സില്‍ ആദ്യ സിനിമയായ ഹിന്ദിയിലെ "കല്പന"യില്‍ (1949) അഭിനയിച്ചു. മണമഗള്‍ (1950) ആയിരുന്നു ആദ്യ തമിഴ് ചിത്രം. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഇന്ത്യന്‍ ഭാഷകളിലും ഒരു റഷ്യന്‍ ചിത്രത്തിലും അഭിനയിച്ചു. അക്കാലത്തെ എല്ലാ പ്രമുഖ നായക നടന്മാരുടെയും ഒപ്പം നായികയായി അഭിനയിച്ചിട്ടുണ്ട്. ശിവാജി ഗണേശനൊപ്പം ആദ്യം അഭിനയിച്ച ചിത്രം പണം (1950) ആണ്. അതിനു ശേഷം 60 ചിത്രങ്ങളില്‍ ശിവാജി ഗണേശന്റെ നായികയായി. അക്കാലത്ത് സിനിമയിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാനുള്ള ഒരു പ്രധാന ഘടകം ആയിരുന്നു പദ്മിനി അഭിനയിച്ച രംഗങ്ങള്‍, പ്രതേകിച്ചും മലയാളത്തില്‍. പദ്മിനിയുടെ ആദ്യ മലയാള ചിത്രങ്ങള്‍ പ്രസന്ന, ചന്ദ്രിക (1950) ഇവയാണ്. അഭിനയിച്ച എല്ലാ ചിത്രങ്ങളിലും സ്വന്തം ശബ്ദമാണ് പദ്മിനി ഉപയോഗിച്ചത്. അതിനുവേണ്ടി ആ ഭാഷകളെല്ലാം പഠിക്കേണ്ടി വന്നു. ചെയ്യുന്ന റോളിനോട് നൂറു ശതമാനം നീതി പുലര്‍ത്താന്‍ അതാവശ്യമാണെന്ന് പദ്മിനി വിശ്വസിച്ചിരുന്നു. അത്ര വലുതായിരുന്നു പദ്മിനിയുടെ സമര്‍പ്പണവും നിഷ്കര്‍ഷയും.

1940 -ല്‍ വഞ്ചി പൂവര്‍ ഫണ്ടിന് വേണ്ടി നടത്തിയ ഒരു പരിപാടിയില്‍ പാരിജാത പുഷ്പാപഹരണം അവതരിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത പ്രസസ്തനായ എന്‍ എസ് കൃഷ്ണന് പദ്മിനി അഭിനയിച്ച നാരദന്റെ വേഷം നന്നേ ഇഷ്ടപ്പെട്ടു. പക്ഷെ സമ്മാനം കിട്ടിയത് കൃഷ്ണന്റെ കഥാപാത്രത്തിനാണ്. പരിപാടിക്ക് ശേഷം എന്‍ എസ് കൃഷ്ണന്‍ പദ്മിനിയുടെ നിറുകയില്‍ കൈ വച്ച് അനുഗ്രഹിച്ചു. ഒരു ദിവസം പദ്മിനി ഒരു പ്രശസ്ത നടിയാകും എന്ന് പറഞ്ഞു. കൃത്യം എട്ടു വര്‍ഷത്തിനു ശേഷം ആണ് മണമഗളില്‍ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചത്.

പദ്മിനിയും രാഗിണിയും 1957 -ല്‍ റഷ്യയില്‍ നടത്തിയ അന്തര്‍ദേശീയ യൂത്ത് ഫെസ്റ്റിവലില്‍ പങ്കെടുത്തു. 120 രാജങ്ങള്‍ പങ്കെടുത്ത ആ മത്സരത്തില്‍ അവര്‍ ക്ലാസിക്കല്‍ നൃത്തത്തില്‍ ഒന്നാം സ്ഥാനവും നാടന്‍ നൃത്തത്തിന് രണ്ടാം സ്ഥാനവും നേടി. നര്‍ഗ്ഗിസാണ് പട്മിനിയോടു റഷ്യന്‍ സിനിമയില്‍ അഭിനയിക്കുന്ന കാര്യം ശുപാര്‍ശ ചെയ്തത്. അക്കാലത്ത് പ്രിഥ്വിരാജ് കപൂറും രാജ് കപൂറും അവരുടെ സിനിമകളും റഷ്യയില്‍ ജനങ്ങള്‍ക്ക്‌ പ്രിയമായിരുന്നു. റഷ്യയിലെ മാതാപിതാക്കന്മാര്‍ അവരുടെ കുട്ടികള്‍ക്ക് ഹിന്ദി സിനിമയിലെ നായികാ നായകന്മാരുടെ പേരുകള്‍ ഇട്ടിരുന്നു. രാജ്, ലക്ഷ്മി, പദ്മിനി എന്നീ പേരുകളൊക്കെ പ്രചാരത്തിലുണ്ടായിരുന്നു. പദ്മിനിയുടെ പേരില്‍ റഷ്യ ഒരു തപാല്‍ സ്റ്റാമ്പും ഇറക്കിയിട്ടുണ്ട്.

ഡോ കെ ടി രാമചന്ദ്രനുമായുള്ള പദ്മിനിയുടെ വിവാഹം 1961 മേയ് 25 -നു ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് നടന്നു. ദമ്പതികള്‍ 1970 -ല്‍ അമേരിക്കയില്‍ സ്ഥിര താമസമാക്കി. മകന്‍ പ്രേമാനന്ദ് അമേരിക്കയില്‍ സ്ഥിരതാമസമാണ്‌. പദ്മിനി 1977 -ല്‍ ന്യൂ ജേഴ്സിയില്‍ ഒരു ഡാന്‍സ് സ്കൂള്‍ തുടങ്ങി. ഡോ രാമചന്ദ്രന്‍ 1981 -ല്‍ മരണമടഞ്ഞു.

വിവാഹശേഷം സിനിമാ രംഗത്തുനിന്ന് വിട്ടു നിന്നിരുന്ന പദ്മിനിയെ ഫാസില്‍ സൂപര്‍ ഹിറ്റായ "നോക്കെത്താ ദൂരത്തു കണ്ണും നട്ട് " എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേക്ക് കൊണ്ടുവന്നു. ഈ സിനിമ പിന്നീട് തമിഴില്‍ പൂവേ പൂ ചൂട വാ" എന്ന പേരില്‍ നിര്‍മ്മിച്ചു. അതിലും പദ്മിനി ആയിരുന്നു പ്രധാന വേഷത്തില്‍. അതിനു ശേഷം ചന്തയില്‍ ചൂടി വില്‍ക്കുന്ന പെണ്ണ്, വാസ്തുഹാര, ശബരിമലയില്‍ തങ്ക സൂര്യോദയം എന്നീ സിനിമകളില്‍ അഭിനയിച്ചു. ഒടുവില്‍ അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രം "ഡോളര്‍" ആണ്. പദ്മിനി ചില ടി വി സീരിയലുകളും ഡോക്യുമന്ററികളും നിര്‍മ്മിച്ചിട്ടുണ്ട്.

ചെന്നൈയില്‍ മുഖ്യമന്ത്രി കരുണാനിധിയെ ആദരിക്കാനുള്ള ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പദ്മിനി പെട്ടന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണു. ഉടനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് 2006 സെപ്റ്റംബര്‍ 25 തിങ്കളാഴ്ച വെളുപ്പിന് മൂന്നു മണിക്ക് പദ്മിനി നമ്മെ വിട്ടു യാത്രയായി.

സഹോദരിമാരായ ലളിത, രാഗിണി എന്നിവര്‍ കൂടാതെ പദ്മിനിയുടെ കുടുംബത്തില്‍ മറ്റു പലരും സിനിമാലോകത്ത് പ്രശസ്തരാണ്.അറുപതുകളിലെ പ്രശസ്ത നടി അംബിക പദ്മിനിയുടെ മാതൃസഹോദരിയുടെ പുത്രിയാണ്. പ്രശസ്ത നടി സുകുമാരി അമ്മാവന്റെ മകളാണ്. പ്രശസ്ത നടി ശോഭന പദ്മിനിയുടെ സഹോദരപുത്രിയാണ്. നല്ലൊരു നര്‍ത്തകനും കൂടിയായ നടന്‍ വിനീത് പദ്മിനിയുടെ ഭര്‍ത്താവിന്റെ സഹോദരപുത്രനാണ്. മാത്രമല്ല, സഹോദരി ലളിതയുടെ കൊച്ചുമകന്‍ കൃഷ്ണയും അഭിനേതാവാണ്.



ജന്മസിദ്ധമായ വൈഭവവും കഠിനാധ്വാനവും സമര്‍പ്പണവും അതിസൂക്ഷ്മ ഭാവങ്ങള്‍ക്ക് പോലും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള അനുഷ്ഠാനവും ചേര്‍ന്ന് പദ്മിനിയുടെ വെള്ളിത്തിരയിലെയും അരങ്ങത്തെയും പ്രകടനങ്ങള്‍ ഓരോന്നും നമുക്ക് എന്നെന്നും ആഹ്ലാദം പകരുന്ന നിറമാര്‍ന്ന കലാവിരുന്നുകളായിത്തീര്‍ന്നു.

എക്കാലത്തേക്കും നമുക്കായി ആ നിധികള്‍ എല്ലാം തന്ന ഈ കലാകാരിയെ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല.

കടപ്പാട്
http://en.wikipedia.org/wiki/Padmini_(actress)
http://bharatjanani.com/travancore-sisters/
http://kkmoidugt.blogspot.com.au/2008/05/star-fades-away-padmini.html
http://dancingqueenpadmini.wordpress.com
http://www.4to40.com/legends/index.asp?p=Padmini



തയ്യാറാക്കിയത് : ഡോ. സൂസി പഴവരിക്കല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയം
19502
19521
19531
19541
19612
19661
19682
19692
19702
19711
19771
19781
19791
19851
19911
19941