View in English | Login »

Malayalam Movies and Songs

ശാന്തികൃഷ്ണ

പ്രവര്‍ത്തനമേഖലഅഭിനയം (75), ആലാപനം (2 സിനിമകളിലെ 2 പാട്ടുകള്‍)


എൺപതുകളുടെ തുടക്കത്തിൽ ശ്രീ ഭരതന്റെ “നിദ്ര” എന്ന സിനിമയിലൂടെ മലയാളമനസ്സുകളിലേക്കു കടന്നു വന്ന അഭിനേത്രി – ശ്രീമതി ശാന്തി കൃഷ്ണയെ ഇങ്ങനെ പരിചയപ്പെടുത്തുകയാവും ഉചിതം. അകന്നു നിന്നു മാത്രം ആരാധിക്കപ്പെടുന്ന താരത്തിളക്കമായിരുന്നില്ല ശാന്തി കൃഷ്ണ - വശ്യമായ പുഞ്ചിരിയും, ഭാവസാന്ദ്രമായ അഭിനയത്തികവും, ഹൃദ്യമായ ഒരു സാന്നിദ്ധ്യവും മലയാളി പ്രേക്ഷകർക്കു നൽകിയ ഒരു അനുഗൃഹീതയായ നടി.

1964 ജനുവരി രണ്ടിനു് മുംബൈയിലാണു് ശ്രീമതി ശാന്തികൃഷ്ണയുടെ ജനനം. പിതാവു് ശ്രീ ആർ.കൃഷ്ണൻ, മാതാവു് ശ്രീമതി ശാരദ. മുംബൈയിൽ തന്നെയായിരുന്നു സ്കൂൾ കോളേജ് വിദ്യാഭ്യാസം. എസ്. ഐ. ഇ. എസ് കോളേജ് ആൻഡ് ജനറൽ എജ്യൂക്കേഷൻ അക്കാദമിയിലെ വിദ്യാർത്ഥിനിയായിരുന്നു ശാന്തി. ഭരതനാട്യം തുടങ്ങിയ ക്ലാസ്സിക്കൽ നൃത്തരൂപങ്ങൾ ചെറുപ്പം മുതലേ അഭ്യസിച്ചുവന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോഴാണു് സിനിമയിലേക്കുള്ള ക്ഷണം വരുന്നതു്. 1976ൽ ‘ഹോമകുണ്ഡം’ എന്ന ചിത്രത്തിൽ അഭിനയിച്ചുവെങ്കിലും, 1981ൽ ശ്രീ ഭരതൻ സംവിധാനം ചെയ്ത ‘നിദ്ര’ യിൽ വിജയ് മേനോനോടൊപ്പം ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ ഒരു പെൺകുട്ടിയായി അഭിനയിച്ച വേഷമാണു് ആദ്യമായി എല്ലാവരും ശ്രദ്ധിച്ചതു്. അർഹമായ അംഗീകാരം കിട്ടാതെപോയ ഒരു ചിത്രമായിരുന്നു നിദ്ര. എങ്കിലും ശാന്തി കൃഷ്ണ എല്ലാവരുടെയും മനസ്സുകളിൽ നിറഞ്ഞു നിന്നു.

അതിനുശേഷം നല്ല കുറേ ചിത്രങ്ങളുടെ ഭാഗമാകുവാൻ ശാന്തി കൃഷ്ണയ്ക്കു കഴിഞ്ഞു. ചില്ലു്, കിലുകിലുക്കം, കേൾക്കാത്ത ശബ്ദം, ഈണം, വിസ, മംഗളം നേരുന്നു, ഇതു ഞങ്ങളുടെ കഥ, കിലുകിലുക്കം, സാഗരം ശാന്തം, ഹിമവാഹിനി, ചില്ല്, സവിധം, കൗരവർ, നയം വ്യക്തമാക്കുന്നു, പിൻ‌ഗാമി, വിഷ്ണുലോകം, എന്നും നന്മകൾ, പക്ഷേ, ചകോരം തുടങ്ങി നാല്പതിലേറെ ചിത്രങ്ങൾ. ശ്രീ ലോഹിതദാസിന്റെ തിരക്കഥയിൽ ശ്രീ എം. എ. വേണു സംവിധാനം ചെയ്ത ‘ചകോരം‘ എന്ന ചിത്രത്തിലെ ശക്തമായ നായികാകഥാപാത്രത്തെ അവതരിപ്പിച്ചു് 1994ലെ കേരളഗവണ്മെന്റിന്റെ ഏറ്റവും നല്ല നായികയ്ക്കുള്ള പുരസ്കാരം നേടി. തൊണ്ണൂറുകളിൽ സിനിമയോടൊപ്പം ടെലിവിഷൻ സീരിയൽ രംഗത്തും സജീവമായിരുന്നു – അവിടെയും പുരസ്കാരങ്ങൾ നേടി.

അഭിനയരംഗത്തു തിളങ്ങി നിന്ന സമയത്താണു് നടൻ ശ്രീനാഥുമായി പ്രണയത്തിലാവുന്നതും 1984 സെപ്റ്റംബറിൽ വിവാഹം നടക്കുന്നതും. വിവാഹശേഷം അഞ്ചു വർഷത്തോളം വെള്ളിത്തിരയിൽ നിന്നു് ശാന്തി കൃഷ്ണ മാറി നിന്നെങ്കിലും ഈ പ്രതിഭാധനയായ നർത്തകി ധാരാളമായി നൃത്തപരിപാടികളിൽ പങ്കെടുത്തിരുന്നു, അക്കാലത്തു്. വ്യക്തിപരമായ കാരണങ്ങളാൽ സെപ്തംബർ 1995 ൽ ഇവർ വിവാഹമോചിതരായി. പിന്നീടു് ശാന്തി കൃഷ്ണ വീണ്ടും വിവാഹിതയായി. അതോടെ സിനിമാ, സീരിയൽ രംഗത്തോടു വിട പറഞ്ഞു. ഇപ്പോൾ അമേരിക്കയിലാണു് സ്ഥിരതാമസം. രാജീവ് ഗാന്ധി എജ്യൂക്കേഷണൽ ഗ്രൂപ് സ്ഥാപനങ്ങളുടെ ഡയറക്ടറാണു് ഭർത്താവു്. രണ്ടു കുട്ടികൾ. ഭർത്താവിന്റെ ഗ്രൂപ് സ്ഥാപനങ്ങളിലെ സാംസ്കാരികപ്രവർത്തനങ്ങളുടെ സാരഥിയാണു് ശാന്തി കൃഷ്ണ ഇപ്പോൾ. പ്രസിദ്ധ ചലച്ചിത്ര സം‌വിധായകനായ സുരേഷ് കൃഷ്ണ ശാന്തികൃഷ്ണയുടെ സഹോദരനാണു്.

References:
Wikipedia
MSI
Interview with Shanthi Krishna in Kairali TV



തയ്യാറാക്കിയത് : കല്ല്യാണി



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനം
19761 - -
19813 - -
19825 - -
19838 - -
19841 - -
19861 - -
19914 - -
19924 - -
19935 - -
19949 - -
19952 - -
19962 - -
19972 - -
19981 - -
20121 - -
20171 - -
20186 - 2
201910 - -
20201 - -
20221 - -
20236 - -
20241 - -