View in English | Login »

Malayalam Movies and Songs

കെ പി എന്‍ പിള്ള

ജനനം1939 ഫിബ്രവരി 22
പ്രവര്‍ത്തനമേഖലസംഗീതം (3 സിനിമകളിലെ 11 പാട്ടുകള്‍)
ആദ്യ ചിത്രംറാണി (2023)


1939 ഫെബ്രുവരി 22 ന് ,രാഘവ കാരണവരുടെയും ഭവാനി അമ്മയുടെയും മകനായി ജനിച്ച നാരായണ പിള്ള എന്ന ഹരിപ്പാട് കെ പി എന്‍ പിള്ള.

ശ്രീകുമാരന്‍ തമ്പിയുടെയും എം ജി രാധാകൃഷ്ണന്റെയും ജന്മനാട്ടില്‍ അവര്‍ക്കൊപ്പം ബാല്യകാലം ചെലവഴിച്ച കെ പി എന്‍ ന്റെ സംഗീതത്തിലെ ആദ്യ ഗുരു ഹരിപ്പാട് പാര്‍വതിക്കുട്ടി അമ്മ.

കെ പി എന്‍ പിള്ള പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയ ഒരു സംഗീത മത്സരത്തില്‍ വിധികര്‍ത്താവായി വന്ന സംഗീത വിദ്വാന്‍ ജി രാമന്‍കുട്ടി ഭാഗവതരുടെ ശിക്ഷണത്തിലായി പിന്നീട് പഠനം.പതിന്നാലാം വയസ്സില്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചു തുടങ്ങി.

1957 -61 കാലഘട്ടത്തില്‍ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്ന് ഗാനഭൂഷണം, സംഗീതവിദ്വാന്‍ ബിരുദങ്ങള്‍ കരസ്ഥമാക്കിയ കെ പി എന്‍ തുടര്‍ന്ന് ആലുവ ഫാക്റ്റ് സ്കൂളില്‍ സംഗീത അദ്ധ്യാപകനായി .ഇതിനിടയില്‍ HMV യ്ക്കു വേണ്ടി ശ്രീകുമാരന്‍ തമ്പിയും ദക്ഷിണാമൂര്‍ത്തിയും ചേര്‍ന്നൊരുക്കിയ ഗുരുവായൂരപ്പ ഭക്തിഗാനങ്ങള്‍ ആലപിച്ചുകൊണ്ട് ഗായകന്‍ എന്ന നിലയില്‍ ശ്രദ്ധ നേടി.

1965 മുതല്‍ ആകാശവാണിയില്‍ പാടിത്തുടങ്ങിയ ഇദ്ദേഹം 1978 ല്‍ കോഴിക്കോട് ആകാശവാണിയില്‍ സംഗീത സംവിധായകനായി സേവനം ആരംഭിച്ചു. മലയത്ത് അപ്പുണ്ണി രചിച്ച സ്വര്‍ണ്ണമുഖികള്‍ എന്ന ഗാനമാണ് ആകാശവാണിക്കു വേണ്ടി കെ പി എന്‍ പിള്ള ആദ്യമായി ചിട്ടപ്പെടുത്തിയത്. പി എസ് നമ്പീശന്‍ രചിച്ച് കെ പി എന്‍ ചിട്ടപ്പെടുത്തിയ താമര പൂക്കുന്ന തമിഴകം താണ്ടി എന്ന ലളിതഗാനം ഇപ്പോഴും കലോത്സവ വേദികളില്‍ സമ്മാനാര്‍ഹമാകുന്ന ഗാനമാണ്, ആര്‍ കെ മനോഹരന്‍ രചിച്ച രീതിഗൌളയില്‍ പരിപാലയമാം എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. പത്തോളം നാടകങ്ങള്‍ക്കു വേണ്ടിയും സംഗീതം നല്‍കിയിട്ടുണ്ട്.

ഗംഗാപ്രവാഹം, കമലദളങ്ങള്‍ തുടങ്ങി അനേകം കാസെറ്റുകള്‍ക്കും കെ പി എന്‍ പിള്ള സംഗീതം നല്‍കിയിട്ടുണ്ട്. ചെട്ടികുളങ്ങര ദേവിയെ കുറിച്ചുള്ള പ്രണാമം എന്ന കാസെറ്റില്‍ അന്തരിച്ച സംഗീത സംവിധായകന്‍ രവീന്ദ്രനും പാടിയിരുന്നു. 85 ല്‍, ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിനു സംഗീതം നല്‍കിയ കെ പി എന്‍ പിള്ള തുടര്‍ന്ന് പി സി 369,അഗ്രഹാരം,കാക്കേ കാക്കേ കൂടെവിടെ എന്നീ ചിത്രങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചു. 97 ല്‍ ആകാശവാണിയില്‍ നിന്നു വിരമിച്ച കെ പി എന്‍ പിള്ള ഇപ്പോള്‍ കോഴിക്കോടിനടുത്ത് ബാലുശ്ശേരിയില്‍ ഭവാനി മ്യൂസിക് കോളേജ് നടത്തുന്നു. സരോജനി അമ്മയാണ് ഭാര്യ. മക്കള്‍ ബിജു, ബിന്ദു. 95 ല്‍ തിരുവിതാംകൂര്‍ മ്യൂസിക് സൊസൈറ്റിയുടെയും ,97 ല്‍ കേരള സംഗീത നാടക അക്കാദമിയുടെയും പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.



തയ്യാറാക്കിയത് : രാജഗോപാല്‍



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംസംഗീതം
19855 -
19872 -
20024 -