View in English | Login »

Malayalam Movies and Songs

മലയാറ്റൂര്‍ രാമകൃഷ്ണന്‍

ജനനം1927 മെയ് 27
മരണം1997 ഡിസംബര്‍ 27
സ്വദേശംമലയാറ്റൂര്‍
പ്രവര്‍ത്തനമേഖലകഥ (11), സംഭാഷണം (8), തിരക്കഥ (6), ഗാനരചന (2 സിനിമകളിലെ 2 പാട്ടുകള്‍), സംവിധാനം (1)
ആദ്യ ചിത്രംലക്ഷപ്രഭു (1968)


മലയാറ്റൂര്‍ രാമകൃഷ്ണന്‍ , മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ , നോവലിസ്റ്റ്.
1927 മെയ് മാസം 27 ന്‍ കല്പാത്തിയില്‍ കെ വി രാമകൃഷ്ണ അയ്യരായി ജനിച്ചു. മലയാറ്റൂരിനടുത്ത കൂവപ്പടിയിലെ പ്രശസ്തമായ തമിഴ് ബ്രാഹ്മണ കോളനിയിലേക്ക് മാതാപിതാക്കള്‍ താമസം മാറ്റി.
പെരുമ്പാവൂരിലും ആലുവയിലും വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരത്തുനിന്നും നിയമവിദ്യാഭ്യാസം നേടി.
ബഹുമുഖപ്രതിഭയായിരുന്നു രാമകൃഷ്ണന്‍ , പഠനത്തില്‍ അതി സമര്‍ഥന്‍ , സര്‍ഗ്ഗധനനായ ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായിരുന്നു. സഹപാഠിയും ഇടതുപക്ഷ സഹയാത്രികനുമായിരുന്ന പി കെ വാസുദേവന്‍ നായരുമായുള്ള സൌഹൃദം മൂലം ഇടതുപക്ഷ സ്ഥാനാര്‍ഥിയായി അസംബ്ലിയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കുറച്ചുകാലം ബോംബെയില്‍ ഫ്രീ പ്രസ് ജേണലില്‍ ജോലി ചെയ്തു. ടി ജെ എസ് ജോര്‍ജ് തന്റെ ‘ഘോഷയാത്ര’യില്‍ സുഹൃത്തായ രാമകൃഷ്ണനായി ഒരു അദ്ധ്യായം നീക്കിവച്ചിരിക്കുന്നു.

‘ശങ്കേഴ്‌സ് വീക്കിലി’യില്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചു.പത്രപ്രവര്‍ത്തനത്തില്‍ മടുത്ത് ബോംബെ വിട്ടു. എങ്കിലും ബോംബെ ജീവിതാനുഭവങ്ങള്‍ സര്‍ഗ്ഗാത്മതയ്ക്ക് വളമായി. ‘മലബാര്‍ ഹില്ലും ഫോറസ്റ്റ് റോഡും’ എന്നീ കഥകള്‍ അങ്ങനെയാണ് എഴുതപ്പെട്ടത്.
കേരള ജുഡീഷ്യല്‍ സര്‍വീസില്‍ മജിസ്ട്രേറ്റായിരുന്നു കുറച്ചുകാലം. 1957 ല്‍ IAS നേടി. സബ് കളക്ടറായും, കളക്ടറായും, സെക്രട്ടേറിയറ്റില്‍ ഉന്നത പദവികളിലും ജോലി നോക്കി. ഏഴുവര്‍ഷക്കാലം ലളിതകലാ അക്കാദമി ചെയര്‍മാന്‍ ആയിരുന്നു. തന്റെ നീണ്ട ഔദ്യോഗികജീവിത ചിത്രം ‘ദ സര്‍വീസ് സ്റ്റോറി’ എന്ന പുസ്തകത്തില്‍ വരച്ചിട്ടിട്ടുണ്ട്.
മലയാറ്റൂരിന്റെ മാസ്റ്റര്‍ പീസ് ‘വേരുകള്‍ ‘ (1965)ആണ്. ഒരു നോവലിന്റെ തീവ്രതയില്‍ എഴുതിയ ആത്മകഥയാണ് വേരുകള്‍ എന്ന് ടി ജെ എസ് ജോര്‍ജ്ജ് പറയുന്നു. പത്തുപാസായിക്കഴിഞ്ഞാല്‍ ‘ടൈപ്പു പഠിച്ച് ബോംബെക്ക് കൊട്ടപ്പോകച്ചൊല്ല്’ എന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് പുറത്തുകടന്ന കോളേജില്‍ പോയതും വലിയ ഉദ്യോഗസ്ഥനായതുമായ സ്വന്തം കഥ നായകനിലൂടെ പറയുകയാണ് മലയാറ്റൂര്‍ . അച്ഛന്റെ സ്ഥാനത്തുനിന്ന് സംരക്ഷിച്ച മൂത്തസഹോദരിയോടുള്ള കടപ്പാടിന്റെ സാക്ഷ്യം കൂടിയാണ് വേരുകള്‍ . വേരുകള്‍ക്ക് സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.

1981 ല്‍ മുഴുനീള സാഹിത്യസപര്യക്കായി അദ്ദേഹം ഐ എ എസ് ഉപേക്ഷിച്ചു. ‘യക്ഷി’, ‘യന്ത്രം’ , നെട്ടൂര്‍ മഠം’, ‘അമൃതം തേടി’ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രമുഖ സൃഷ്ടികള്‍ . ഭരണമണ്ഡലത്തിലെ രഹസ്യങ്ങളുടെയും, ധര്‍മ്മസങ്കടങ്ങളുടേയും വാക്‍ചിത്രമാണ് യന്ത്രം. യന്ത്രത്തിന്‍ വയലാര്‍ അവാര്‍ഡ് ലഭിച്ചു.
1967 ല്‍ എഴുതിയ ‘പൊന്നി‘ എന്ന നോവല്‍ ആദിവാസികളുടെ കഥ പറയുന്നു. സ്വന്തം ആവാസം നഷ്ടപ്പെട്ട ആദിവാസികള്‍ പുതിയ ജീവിതവ്യവസ്ഥകളുമായി സമരസപ്പെടാന്‍ നടത്തുന്ന ശ്രമങ്ങളാണ് പൊന്നി. പൊന്നി പിന്നീട് സിനിമയായി. തോപ്പില്‍ ഭാസി തിരക്കഥയും സംവിധാനവും ചെയ്ത പൊന്നി 1976 ലാണ് സിനിമയായത്. കമലഹാസന്‍ , ലക്ഷ്മി, തിക്കുറിശ്ശി എന്നിവര്‍ പ്രധാനകഥാ‍പാത്രങ്ങളെ അവതരിപ്പിച്ചു.
മലയാറ്റൂരിന്റെ കഥകളിൽ ആദ്യം ചലച്ചിത്രമായത് യക്ഷി ആണ്. മലയാറ്റൂരിന്റെ ആദ്യ തിരക്കഥ ലക്ഷപ്രഭു ആണ്.

അയ്യര്‍ ദ ഗ്രേറ്റ്’(1990) തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും അദ്ദേഹം രചിച്ചു.
‘ഒടുക്കം തുടക്കം’ (1982) എന്ന ചിത്രം സംവിധാനം ചെയ്തതും മലയാറ്റൂര്‍ ആണ്.
യക്ഷി എന്ന ചിത്രം ഹിന്ദിയില്‍ നിര്‍മ്മിച്ച പ്രശസ്ത നടി ഹേമമാലിനിക്കെതിരെ അദ്ദേഹം നിയമനടപടികള്‍ക്കൊരുങ്ങിയതും ജനശ്രദ്ധ പിടിച്ചു പറ്റി.
ഷെര്‍ലോക് ഹോംസ് കഥകളും ബ്രോം സ്റ്റോക്കറുടെ ഡ്രാക്കുളയും മലയാളത്തിലേക്ക് മൊഴിമാറ്റി പരിചയപ്പെടുത്തിയത് മലയാറ്റൂര്‍ ആണ്‍. രണ്ടുഭാഷകളിലും അദ്ദേഹത്തിനുള്ള പ്രാവീണ്യം ഈ കൃതികളില്‍ കാണാം.
മലയാളത്തിന്റെ ഹാസസാഹിത്യത്തിന്റെ വര്‍ണ്ണാഭമായ മുഖമാണ് മലയാറ്റൂരിന്റെ ബ്രിഗേഡിയര്‍ കഥകള്‍ .
ഇരുന്നൂറിലധികം ചെറുകഥകളും അദ്ദേഹം എഴുതിയിട്ടുണ്ട്.

1997 ല്‍ ഡിസംബര്‍ 27ആം തീയതി എഴുപതാമത്തെ വയസ്സില്‍ പ്രതിഭാധനനായ മലയാറ്റൂര്‍ മലയാളത്തോട് വിടപറഞ്ഞു. കേരളത്തിന്റെ സാഹിത്യ, സാംസ്കാരിക, രാഷ്ട്രീയ , ഔദ്യോഗിക രംഗങ്ങളില്‍ സ്വന്തം നാമം സുവര്‍ണ്ണലിപികളില്‍ വരച്ചു ചേര്‍ത്ത അദ്ദേഹത്തിന് സംസ്ഥാനബഹുമതികളോടെയാണ് മലയാളം വിടനല്‍കിയത്.
മൂന്നാറിലെ പുരാതന ബ്രാഹ്മണകുടുംബത്തില്‍ നിന്നും വേണി എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അറ്റാക്സിയ എന്ന ശരീരം തളര്‍ത്തുന്ന രോഗത്തെത്തുടര്‍ന്ന് ദീര്‍ഘ്കാലം ശയ്യാവലംബിയായിരുന്ന വേണി 1999 ല്‍ മരിച്ചു. രണ്ട് മക്കള്‍ . രണ്ടുപേരും കേരളത്തിനു വെളിയിലാണ്.
ടി ജെ എസ് ജോര്‍ജ് തന്റെ ‘സീരിയസ്സയി കരഞ്ഞ ബി എ , ബി എല്‍ , ഐ എ എസ്’‘ എന്ന അദ്ധ്യായത്തില്‍ ഇങ്ങ്നെ പറഞ്ഞു നിര്‍ത്തുന്നു.സ്വന്തം ചോരയും മജ്ജയും കടഞ്ഞെടുത്ത് വേരുകള്‍ എന്ന മാസ്റ്റര്‍ പീസ് എഴുതിയ സ്നേഹധനന്റെ പിന്മുറക്കാര്‍ വേരുകളില്ലാത്തവരായി. അങ്ങനെ എത്രയെത്ര പാരമ്പര്യങ്ങള്‍ , എത്രയെത്ര സ്വപ്നങ്ങള്‍ മാഞ്ഞുപോകുന്നു. ഇന്ന് എല്ലാമായ നേരുകള്‍ നാളെ ഒന്നുമല്ലാതാകുന്നു. ആഗോളവല്‍ക്കരണത്തിന്റെ പനിച്ചൂടില്‍ കുടുംബവൈകാരികമൂല്യങ്ങള്‍ക്ക് എന്തു പ്രസക്തി? ഭാഷയ്ക്ക് എന്തു ഭാവി?’
പ്രശസ്തനടന്‍ ജയറാം മലയാറ്റൂരിന്റെ ബന്ധുവാണ്.

അവലംബം: 1‘ഘോഷയാത്ര’ - ടി ജെ എസ് ജോര്‍ജ്ജ് (ഡി സി ബുക്സ്)
: 2.വിക്കിപ്പീഡിയ
:3.http://www.expressindia.com/ie/daily/19971229/36350283.html



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംകഥസംഭാഷണംതിരക്കഥഗാനരചനസംവിധാനം
1968211 - - -
1972111 - - -
1973222 - - -
197621 - - - -
19791 - - - - -
1982111 - 11
1984111 - 1 -
1990 - 1 - - - -
20131 - - - - -