View in English | Login »

Malayalam Movies and Songs

സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍

യഥാര്‍ത്ഥ പേര്സെബാസ്റ്റ്യന്‍
ജനനം1901 ഫിബ്രവരി 09
സ്വദേശംഅമ്പലപ്പുഴ
പ്രവര്‍ത്തനമേഖലഅഭിനയം (8), ആലാപനം (3 സിനിമകളിലെ 8 പാട്ടുകള്‍)
ആദ്യ ചിത്രംജ്ഞാനാംബിക (1940)
മക്കള്‍ആലപ്പുഴ പുഷ്പം

ഡബ്ബിംഗ് - 1 കഥാപാത്രങ്ങള്‍



കല രക്തത്തിലലിഞ്ഞു ചേര്‍ന്നിട്ടുള്ള ചിലരുണ്ട്. അവര്‍ ചരിത്രമെഴുതും, ചിലപ്പോള്‍ ചരിത്രം തിരുത്തിയെഴുതും. അങ്ങനെ ചരിത്രത്തിന് പുതിയ പൂമുഖവാതിലുകള്‍ പണിതീര്‍ത്ത ധിഷണാശാലികളിലൊരാളാണ് സബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ എന്ന പ്രതിഭ. സംഗീതം ജീവനാഡികളിലലിഞ്ഞ ആ ജന്മം ആ സംഗീതവഴികളിലൂടെ സഞ്ചരിച്ച് എവിടെയെല്ലാമാണ് ചെന്നെത്തിയത്! നാടക ഗായകന്‍ , സിനിമാഗായകന്‍ , നാടക സിനിമാ അഭിനേതാവ് , ഗ്രന്ഥകാരന്‍ , ഇതൊക്കെ കാഴ്ചക്കാര്‍ക്ക് പേരെടുത്തു പറയാന്‍ പറ്റുന്ന ചില ഭാവങ്ങള്‍ മാത്രം. യഥാര്‍ഥത്തില്‍ ഈ ഒരു ചട്ടക്കൂടിലും ഒതുക്കാനോ ഒതുങ്ങാനോ ആ പ്രതിഭയ്ക്ക് കഴിഞ്ഞിരുന്നില്ല. ആ വിവിധതലങ്ങളിലേക്ക് ഒരെത്തിനോട്ടം മാത്രമാണ് ഈ ലേഖനം.


ജനനം - ബാല്യം


അമ്പലപ്പുഴ താലൂക്കിലെ കാഞ്ഞിരം ചിറ പൊള്ളയില്‍ വിന്‍സന്റിനും മാര്‍ഗരീത്തയ്ക്കും ഏറെപ്രായം ചെന്നശേഷം ജനിച്ച മകനാണ് സബാസ്റ്റ്യന്‍ . 1901 ലായിരുന്നു സബാസ്റ്റ്യന്റെ ജനനം. ആലപ്പുഴ പട്ടണത്തിലെ പ്രശസ്തമായ ലിയോ തെര്‍ട്ടീന്ത് സ്കൂളില്‍ അപ്പന്‍ സബാസ്റ്റ്യനെ അന്നത്തെ ഫോര്‍ത്ത് ഫോമില്‍ ചേര്‍ത്തു. ഇന്നത്തെ എട്ടാം ക്ലാസ്. പക്ഷേ കൊച്ചു സബാസ്റ്റ്യന് പാഠ്യവിഷയങ്ങള്‍ ദുഃസ്വപ്നങ്ങളായിത്തന്നെ ശേഷിച്ചു. മനസ്സും തലച്ചോറും ശരീരവുമാകെ കലയും, സംഗീതവും, സാഹിത്യവും മാത്രം. പിന്നീട് പഠിക്കാനായി എറണാകുളത്തേക്ക് മാറിയെങ്കിലും സബാസ്റ്റ്യനെ വിദ്യാദേവി അത്ര കടാക്ഷിച്ചില്ല. ഉര്‍വ്വശി ശാപം ഉപകാരം പോലെയാണ്‍ അപ്പന്‍ സുഖമില്ലാതായെന്ന് കാണിച്ച് അമ്മയുടെ കത്തു വന്നത് . സ്കൂളും പഠിത്തവുമെല്ലാം കളഞ്ഞ് സബാസ്റ്റ്യന്‍ നാട്ടിലെത്തി. നാടകത്തിലേക്ക്............


നാട്ടിലെത്തിയ സബാസ്റ്റ്യന് പഠിക്കണ്ടായിരുന്നെങ്കിലും കലയോടും നാടകത്തോടുമുള്ള ആഭിമുഖ്യം പ്രകടിപ്പിക്കാനാവാതെ ആകെ വീര്‍പ്പുമുട്ടലായിരുന്നു. ജീവിക്കാന്‍ കഷ്ടപ്പെടുന്ന ഒരു ജനത വസിക്കുന്ന സ്ഥലത്ത് കലയും നാടകവുമൊക്കെ അന്യമായിരുന്നു. ഇക്കാര്യത്തിനൊക്കെ നടക്കുന്നവരോട് ഒരു ശത്രുതാ മനോഭാവം പോലും കൂടുതല്‍ ആള്‍ക്കാരും പുലര്‍ത്തിപ്പോന്നു. തറവാട്ടില്‍ പിറന്നവര്‍ക്ക് ചേരാത്തവയായിരുന്നു സംഗീതവും നാടകവുമൊക്കെ എന്നായിരുന്നു പൊതുവേയുള്ള ചിന്താഗതി. എങ്കിലും വല്ലപ്പോഴും അമ്പലപ്പറമ്പുകളിലും കൊയ്ത്തുകഴിഞ്ഞ വയലുകളിലുമൊക്കെ വന്നെത്തുന്ന നാടകങ്ങള്‍ കാണാന്‍ സബാസ്റ്റ്യന്‍ രാത്രി ഒളിച്ചുപോയിത്തുടങ്ങി. എന്നാല്‍ ഈ ഒളിച്ചുകളി അധികം തുടരേണ്ടി വന്നില്ല. അപ്പനുമമ്മയും സബാസ്റ്റ്യനെ ഒരരുക്കാക്കാന്‍ പിടിച്ച് കെട്ടിച്ചു. കുരിശിങ്കല്‍ സബാസ്റ്റ്യന്റെയും ശാന്തന്നാമ്മയുടെയും പുത്രിയായ മേരിക്കുട്ടിയെ സബാസ്റ്റ്യന്‍ പരിണയിക്കുമ്പോള്‍ 1923 ല്‍ അദ്ദേഹത്തിന് 22 വയസ്സ്. മേരിക്കുട്ടി ഒരു വസന്തവും കൊണ്ടാണ് സബാസ്റ്റ്യന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്. സബാസ്റ്റ്യന്റെ താല്പര്യങ്ങള്‍ക്കെല്ലാം മുന്‍‌തൂക്കം നല്‍കി, പ്രോത്സാഹനം നല്‍കി എന്നും ഒരു കെടാവിളക്കായി മേരിക്കുട്ടി അദ്ദേഹത്തിനൊപ്പം നിന്നു.


മേരിക്കുട്ടിയുടെ സഹോദരന്‍ പീറ്ററ് നടത്തിവന്നിരുന്ന നാടകട്രൂപ്പില്‍ ജ്ഞാനസുന്ദരി എന്ന നാടകത്തില്‍ നായകനായി ഉജ്വലമായ അഭിനയം സബാസ്റ്റ്യന്‍ കാഴ്ചവെച്ചെങ്കിലും എന്തു കാരണം കൊണ്ടോ ആ ട്രൂപ് പ്രവര്‍ത്തനം നിര്‍ത്തി. പിന്നീട് പലവര്‍ഷങ്ങള്‍ സബാസ്റ്റ്യന്‍ പല നാടകസംഘങ്ങളിലായി ചില്ലറ റോളുകള്‍ ചെയ്തു തന്റെ കലാസപര്യ തുടര്‍ന്നുവന്നു.


‘ഗുലേബക്കാവലി’ നാടകത്തില്‍ നായികാവേഷമണിഞ്ഞ അന്നത്തെ പ്രശസ്ത നടന്‍ ഓച്ചിറ വേലുക്കുട്ടിയെ കാണുന്നതും പരിചയപ്പെടുന്നതും ഒരു നിയോഗം പോലെയായിരുന്നു സബാസ്റ്റ്യന്. പിന്നീടങ്ങോട്ട് നിരവധി നാടകങ്ങളില്‍ കേരളത്തിലങ്ങോളമിങ്ങോളം പേരുകേട്ട നായികാനായകന്മാരായി വേലുക്കുട്ടിയും സബാസ്റ്റ്യനും.


1929 ല്‍ ആരംഭിച്ച പി ജെ ചെറിയാന്റെ റോയല്‍ സിനിമാ ആന്‍ഡ് ഡ്രാമാറ്റിക് കമ്പനി എന്ന നാടകക്കമ്പനി വി എസ് ആന്‍ഡ്രൂസിന്റെ പല നാടകങ്ങളും അവതരിപ്പിച്ചു. ആദ്യമായി അവതരിപ്പിച്ചത് മില്‍ട്ടന്റെ ‘പാരഡൈസ് ലോസ്റ്റ്‘ ‘ എന്ന കാവ്യത്തിന്റെ മലയാളനാടക രൂപാന്തരമായ ‘പറുദീസ നഷ്ടം’ ആയിരുന്നു. ഇതില്‍ ആദവും ഹവ്വയുമായാണ് സബാസ്റ്റ്യനും വേലുക്കുട്ടിയും ആദ്യജോഡിയാവുന്നത്. പിന്നീട് ‘സത്യവാന്‍ സാവിത്രി’ , ‘അല്ലി അര്‍ജ്ജുന’, ‘കോവലചരിതം’, ‘നല്ലതങ്ക’, ‘ഹരിശ്ചന്ദ്ര’ തുടങ്ങിയ നാടകങ്ങളിലൂടെ കേരളം മുഴുവനുമുള്ള കലാസ്വാദകരുടെയെല്ലാം നാവിന്‍ തുമ്പിലെ ഇഷ്ടനാമങ്ങളായി ഇരുവരും. ഇതോടെ സബാസ്റ്റ്യന്‍ സാമ്പത്തികമായും നല്ലനിലയിലെത്തി. തന്റെ പേര് സബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞുഭാഗവതര്‍ എന്നാക്കി മാറ്റുകയും ചെയ്തു.


സിനിമ വിളിക്കുന്നു.......


മലയാളസിനിമയുടെ ചരിത്രത്തിനൊപ്പമാണ് ഇനി നമുക്ക് നടക്കേണ്ടത്. 1930 ല്‍ ഏതാണ്ട് മുപ്പതോളം സിനിമാ തീയറ്ററുകള്‍ കേരളത്തിലുണ്ടായിരുന്നെങ്കിലും ഹിന്ദി- തമിഴ് പടങ്ങള്‍ മാത്രമായിരുന്നു പ്രദര്‍ശനത്തിനെത്തിയിരുന്നത്. വിഗതകുമാരനും മാര്‍ത്താണ്ഡവര്‍മ്മയും നിര്‍മ്മിക്കപ്പെട്ടുവെങ്കിലും വെളിച്ചം കണ്ടില്ല.


അങ്ങനെയിരിക്കുമ്പോഴാണ് സബാസ്റ്റ്യന്റെ സഹോദരന്‍ ആലപ്പി വിന്‍സന്റ് സിനിമാ നിര്‍മ്മാണരംഗത്തെത്തുന്നത്. ‘വിധിയും മിസ്സിസ് നായരും’ ആയിരുന്നു ആദ്യചിത്രമെങ്കിലും അത് പകുതിവഴിക്ക് മുടങ്ങി. പിന്നീടാണ് മലയാളത്തിലെ നാഴികക്കല്ല് സിനിമയായ ‘ബാലന്‍ ‘ അദ്ദേഹം നിര്‍മ്മിക്കുന്നത്. റ്റി വി സുന്ദരവുമായി ചേര്‍ന്ന് നിര്‍മ്മിച്ച ഈ ചിത്രം ഒരു വമ്പന്‍ ഹിറ്റ് ആയിരുന്നു. ബാലന്റെ വിജയം കൂടുതല്‍പ്പേരെ മലയാള ചിത്രങ്ങളുടെ നിര്‍മ്മാണത്തിലേക്ക് തിരിയാന്‍ പ്രചോദിപ്പിച്ചു. അണ്ണാമല ചെട്ടിയാര്‍ നിര്‍മ്മിച്ച് എസ് നോട്ടണി സംവിധാനം ചെയ്ത ‘ജ്ഞാനാംബിക‘ എന്ന ചിത്രം അങ്ങനെയാണുണ്ടാവുന്നത്. ഇതില്‍ അഭിനയിച്ചത് സബാസ്റ്റ്യനും അദ്ദേഹത്തിന്റെ നാടകസംഘവുമായിരുന്നു. ഇതിലെ നായകന്‍ രവീന്ദ്രനായി അഭിനയിക്കുകയും ചിലഗാനങ്ങള്‍ ആലപിക്കുകയും ചെയ്തതോടെ മലയാളസിനിമ മറ്റൊരു നാഴികക്കല്ല് കടക്കുകയായിരുന്നു. ആദ്യകാല നായകനും ഗായകനുമായി സബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ ഏറെക്കാലമായുള്ള കലാഭിവാഞ്ഛയ്ക്ക് സാക്ഷാത്കാരം നല്‍കി. പിന്നീട് മലയാളസിനിമ ‘പ്രഹ്ലാദ‘യ്ക്കും, ‘നിര്‍മ്മല‘യ്ക്കുമൊക്കെ ജന്മം നല്‍കിയെങ്കിലും ബാലാരിഷ്ടതയാല്‍ അവരണ്ടും കാലഗതി പ്രാപിച്ചു.


ഉദയാ സ്റ്റുഡിയോ


സിനിമ നിര്‍മ്മിക്കാന്‍ മദിരാശിയിലേക്ക്ക് പോകേണ്ട ബുദ്ധിമുട്ടുകളാണ് വിന്‍സന്റിനെയും കൂട്ടുകാരെയും കൊണ്ട് കേരളത്തില്‍ ഒരു സ്റ്റുഡിയോ നിര്‍മ്മിയ്ക്കാനുള്ള ആലോചനയില്‍ കൊണ്ടെത്തിച്ചത്. അങ്ങനെയാണ് കേരളത്തിലെ ആദ്യത്തെ സിനിമാ നിര്‍മ്മാണ സ്റ്റുഡിയോ ആയ ഉദയാ സ്റ്റുഡിയോ ആലപ്പുഴയില്‍ സ്ഥാപിതമാകുന്നത്. വിന്‍സന്റ്, റ്റി വി തോമസ്, ചെട്ടികാട് ഹര്‍ഷന്‍ പിള്ള എന്നിവരായിരുന്നു സ്ഥാപകര്‍ . ഉദയാ സ്റ്റുഡിയോ ആദ്യമായി നിര്‍മ്മിച്ച ചിത്രം ‘വെള്ളിനക്ഷത്ര’ മായിരുന്നു. ഈ പടം ഒരു പരാജയമായിരുന്നെങ്കിലും ഇതിലെ നായിക മിസ് കുമാരി പിന്നീട് ജനപ്രിയനായികയായി മറ്റനേകം ചിത്രങ്ങളില്‍ മലയാളിയുടെ കണ്ണിലുണ്ണിയായി. ‘വെള്ളിനക്ഷത്ര’ത്തിനു ശേഷം വന്ന ‘നല്ലതങ്ക’ കുടുംബചിത്രങ്ങളുടെ നിര്‍മ്മാണത്തിന്‍ തുടക്കം കുറിച്ചു. പുരാണ-ചരിത്ര-സംഗീതനാടകങ്ങളുടെ ചുവടുപിടിച്ച് നിര്‍മ്മിച്ചിരുന്ന ചിത്രങ്ങളില്‍ നിന്ന് പച്ചജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലേക്ക് മലയാളസിനിമ ഇറങ്ങിവന്നു.


ഉദയാ വീണ്ടും ചരിത്രമെഴുതുകയായിരുന്നു. 1951 മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റ് സിനിമ ‘ജീവിതനൌക’ വെളിച്ചം കണ്ടു. ഇരുന്നൂറുദിവസം തുടര്‍ച്ചയായി ഓടി ‘ജീവിതനൌക’ ചരിത്രകാരന്മാരെ വിസ്മയിപ്പിച്ചു. ജീവിതനൌകയിലാണ് പിന്നീട് മലയാളത്തിലെ ആദ്യ സൂപ്പര്‍ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കപ്പെട്ട, മലയാളസിനിമാ തറവാട്ടിലെ കാരണവര്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ആദ്യമായി സബാസ്റ്റ്യന്റെ കൂടെ അഭിനയിക്കുന്നത്. സബാസ്റ്റ്യന്റെ മകള്‍ പുഷ്പം ആദ്യമായി പിന്നണിപാടുന്നതും ജീവിതനൌകയില്‍ത്തന്നെ. പിന്നീട് ‘നവലോകം’ എന്ന സാമൂഹ്യചിത്രമെത്തി. ‘ജനോവ’ എന്ന ചിത്രത്തില്‍ അന്നത്തെ സൂപ്പര്‍ സ്റ്റാറായ എം ജി രാമചന്ദ്രന്‍ ശബ്ദം നല്‍കിയും ഭാഗവതര്‍ തന്റെ പ്രതിഭ പ്രകടമാക്കി. ജനോവയിലെ എം ജി ആറിന്റെ കഥാപാത്രത്തിന് അഭിനയത്തിന്റെയത്രതന്നെ തീവ്രത നല്‍കുവാനായി തന്നെ ചങ്ങലക്കിടുവാന്‍ അദ്ദേഹം ഡബ്ബിങ് സ്റ്റുഡിയോയിലുള്ളവരോട് ആവശ്യപ്പെടുകയായിരുന്നു. ഒരു യഥാര്‍ഥ കലാകാരന്റെ ആത്മാര്‍ഥതയാണ് നാം ഇതില്‍ കാണുന്നത്.


‘അച്ഛന്‍ ‘ എന്ന സിനിമയിലാണ് ഭാഗവതര്‍ തന്റെ ഹാസ്യാഭിനയം പുറത്തെടുക്കുന്നത്. അച്ഛന്‍ എന്ന സിനിമ ഒരു വമ്പന്‍ ഹിറ്റായിരുന്നു. അത് തമിഴിലും തെലുങ്കിലും നിര്‍മ്മിച്ചപ്പോള്‍ ഭാഗവതര്‍ തന്നെയാണ് താന്‍ മലയളത്തിലഭിനയിച്ച റോള്‍ അതില്‍ രണ്ടിലും ചെയ്തത്. തിക്കുറിശ്ശിയുടെ ‘ശരിയോ തെറ്റോ’ എന്ന സിനിമയിലെ ചിട്ടിമുതലാളിയും, ‘ബാല്യസഖി‘ എന്ന ചിത്രത്തിലെ നാടകമായിരുന്ന സ്നാപകയോഹന്നാനിലെ ആന്റിപ്പോസും ഭാഗവതരുടെ പ്രശസ്തി വളര്‍ത്തി.


ഭാഗവതര്‍ എന്ന ഗായകന്‍ .....


മലയാള സിനിമയെ കുറച്ചെങ്കിലും ഗൌരവമായി കാണുന്നവര്‍ക്കെല്ലാം പരിചിതമാണ് ‘ആനത്തലയോളം വെണ്ണതരാമെടാ’ എന്ന ഗാനം. പ്രസിദ്ധമായ ഒരു നാടന്‍ പാട്ടിനെ സിനിമയ്ക്കു വേണ്ടി രൂപപ്പെടുത്തിയതാണ് ഈ മനോഹരഗാനം. ഭാഗവതര്‍ എന്ന ഗായകനെ അറിയാന്‍ ഇതില്‍ക്കൂടുതലൊരു ആമുഖം സംഗീതസ്നേഹികള്‍ക്കും വേണ്ട. തന്റെ മകള്‍ പുഷ്പയോടൊപ്പമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജ്ഞാനാംബികയിലെ മനോജ്ഞം, മോഹനമേ , സഹജരേ വാ തുടങ്ങിയ ഗാനങ്ങളും, ജീവിതനൌകയിലെ ആനത്തലയോളം എന്ന ഗാനവുമാണ് ഭാഗവതരിലെ ഗായകന്റെ മുഖം ജനങ്ങളിലെത്തിക്കുന്നത്. നാടകാഭിനയത്തിന്റെ അവിഭാജ്യഘടകമായിരുന്നു അന്ന് ഗാനാലാപനം. നാടകവേദിയില്‍ നിന്നും ലഭിച്ച അനുഭവസമ്പത്തായിരിക്കണം സിനിമയിലും തന്റെ അനായാസാലാപനത്തിന് ഭാഗവതരെ സഹായിച്ചത്.


മലയാളഭാഷയുടെ ചരിത്രത്തില്‍ തന്നെ ഒരു നാഴികക്കല്ലാണ് സബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍ . മലയാളത്തിലെ ഒരു ഗാനം ആദ്യമായി ഗ്രാമഫോണ്‍ റെക്കോഡില്‍ ആലേഖനം ചെയ്യപ്പെടുന്നത് ഭാഗവതരുടെ ശബ്ദത്തിലാണ്. വഞ്ചീശമംഗളം എന്ന രാജസ്തുതിയും ഭാഗവതരും ചരിത്രത്തില്‍ ഇടം നേടിയത് ഇവിടെ വായിക്കുക.


First Recorded Song


എഴുത്തുകാരന്‍ വ്യക്തിയെന്ന നിലയില്‍ ഒരു മാതൃകാപുരുഷനായിരുന്നു ഭാഗവതര്‍ . ദൈവഭയവും, അച്ചടക്കവുമുള്ള ജീവിതം ജീവിച്ചു തീര്‍ത്ത ആ മഹാമനുഷ്യന്‍ ഷെവലിയാര്‍ പട്ടം നല്‍കി ആദരിക്കുകയുണ്ടായി.


ജീവിതത്തിനെയന്നപോലെതന്നെ താന്‍ സ്നേഹിച്ച കലയോടും അദ്ദേഹത്തിനുള്ള കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും എല്ലാറ്റിനുമുപരി ആത്മാര്‍ഥതയും പ്രതിഫലിക്കുന്നതാണ് അദ്ദേഹമെഴുതിയ വിവിധങ്ങളായ ഗ്രന്ഥങ്ങള്‍ ‍. ‘ഒരു നടന്റെ ആത്മകഥ’ യില്‍ പ്രതിഫലിക്കുന്നത് രക്തത്തിലലിഞ്ഞ അഭിനയം ഒരു നിഷ്ഠയായി, നന്മയായി, രാഗമായി ജീവിതമുടനീളം കൊണ്ടുനടന്ന ഒരു കലാകാരന്റെ മനസ്സും ആത്മാവുമാണ്‍. തന്റെ കലാജീവിതത്തില്‍ പരിചയപ്പെട്ട എല്ലാ വ്യക്തികളെയും ഓര്‍മ്മിക്കുന്ന ഒരു പുസ്തകമാണ് ഒരു നടന്റെ ആത്മകഥയിലുള്ളത്. 1964 ല്‍ ആണ് അദ്ദേഹം ഈ പുസ്തകം രചിച്ചത്.


1967 ല്‍ എഴുതിയ ‘കാലവേദിയില്‍ ‘ എന്ന പുസ്തകം എങ്ങനെ വിജയകരമായി ഒരു നാടകം നിര്‍മ്മിക്കാം എന്നത് വളരെ വിശദമായി വായനക്കാരനെ പറഞ്ഞുമനസ്സിലാക്കിത്തരുന്നതായിരുന്നു.


1986 ല്‍ പ്രസിദ്ധീകരിച്ച ‘നാടകസ്മരണകള്‍ ‘ പ്രൊഫഷണല്‍ നാടകം എന്തെന്നും അതിന്റെ ഉള്ളുകള്ളികള്‍ എന്തായിരുന്നു എന്നും വളരെ വിശദമായി നമുക്കു കാണിച്ചുതരുന്നു. മലയാളനാടകത്തിന്റെ ഒരു നൂറ്റാണ്ടു കാലത്തെ ചരിത്രംകൂടിയാണ് ഈ പുസ്തകം.


തന്റെ സഹപ്രവര്‍ത്തകരായിരുന്ന ഒട്ടേറെപ്പേരെക്കുറിച്ച് ഹൃദയാവര്‍ജ്ജകങ്ങളായ കുറിപ്പുകള്‍ പലകാലങ്ങളിലായി അദ്ദേഹം എഴുതിയിട്ടുണ്ട്. മലയാളസിനിമയ്ക്കൊപ്പം നടന്ന്, മലയാള സംസ്കാരത്തിനൊപ്പം നടന്ന്, മലയാളത്തെയും കലയേയും സംഗീതത്തെയും സിനിമയേയും സ്നേഹിച്ച, ആത്മാവും ശരീരവുമര്‍പ്പിച്ച ആ മഹാനായ കലാകാരന്‍ 1985 ല്‍ കൈരളിയെ വിട്ട് മറഞ്ഞുപോയി.


Reference: http://kunjukunjubhagavathar.com/English/English.html



തയ്യാറാക്കിയത് : ശ്രീദേവി പിള്ള



സ്ഥിതിവിവരക്കണക്കുകള്‍

വര്‍ഷംഅഭിനയംആലാപനം
194015 -
195121 -
19521 - -
19531 - -
19541 - -
19591 - -
19621 - -
2021 - 2 -