മുട്ടത്തു വർക്കി
കോട്ടയം ജില്ലയില്‍ ചങ്ങനാശ്ശേരിക്കടുത്ത ചെത്തിപ്പുഴയില്‍ 1913 ഏപ്രില്‍ 13 നു ജനിച്ചു. ചങ്ങനാശ്ശേരി സെന്റ് ബര്‍ക്ക്മാന്‍സ് ഹൈസ്കൂളില്‍ അദ്ധ്യാപകനായി കുറച്ചുകാലം ജോലിനോക്കി. അതിനുശേഷം ഒരു തടിക്കമ്പനിയില്‍ അക്കൌണ്ടന്റായി ജോലിചെയ്തു. കുറച്ചു കാലം പ്രശസ്തനായ ശ്രീ എം പി പോള്‍ നടത്തിയിരുന്ന ട്യൂട്ടോറിയല്‍ കോളേജിലും അദ്ധ്യാപകനായി. പിന്നീട് ദീപിക പത്രത്തില്‍ അസ്സോസിയേറ്റ് എഡിറ്ററായി ജോലിക്കുകയറിയ അദ്ദേഹം തുടര്‍ന്നുള്ള ഇരുപത്തിയാറ് വര്‍ഷങ്ങള്‍ അവിടെ പ്രവര്‍ത്തിച്ചു. 1974 ല്‍ ദീപികയില്‍ നിന്നും വിരമിച്ചു.
മലയാള നോവല്‍ ശാഖയിലെ അതികായനാണ് മുട്ടത്തു വര്‍ക്കി. 65 നോവലുകള്‍ ഉള്‍പ്പടെ 132 കൃതികളാണ് മലയാളസാഹിത്യത്തിന് അദ്ദേഹത്തിന്റെ സംഭാവന. നോവലുകള്‍ കൂടാതെ ചെറുകഥകളും, കവിതകളും, നാടകങ്ങളുമുള്‍പ്പടെയുള്ള ഒരു ബൃഹദ്സംഹിതയാണ് മുട്ടത്തുവര്‍ക്കിയുടെ സാഹിത്യസംഭാവന. അദ്ദേഹത്തിന്റെ ധാരാളം നോവലുകള്‍ മലയാളസിനിമയിലെ എന്നെന്നും പ്രിയങ്കരങ്ങളായ പ്രണയകഥകളായ ചലച്ചിത്രങ്ങളായിട്ടുണ്ട്. പാടാത്ത പൈങ്കിളി, വെളുത്ത കത്രീന, ഇണപ്രാവുകള്‍ , മയിലാടും കുന്ന് എന്നീ പ്രേം നസീര്‍ ചിത്രങ്ങളും, കരകാണാക്കടല്‍ , അക്കരപ്പച്ച തുടങ്ങിയ സത്യന്‍ ചിത്രങ്ങളും അവയില്‍ ചിലതുമാത്രമാണ്. മലയാള സിനിമാപ്രേക്ഷകരില്‍ സ്വപ്നാനുഭൂതിയായി പെയ്തിറങ്ങിയ അനവധി സിനിമകളുടെ കഥാകാരനായ മുട്ടത്തുവര്‍ക്കി1989 മെയ് 28 ന് അന്തരിച്ചു. സാഹിത്യതാരം അവാർഡ് ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം ഇവയുടെ ജനറൽ കൗൺസിൽ അംഗമായിരുന്നു അദ്ദേഹം. ഒരു കുടയും കുഞ്ഞുപെങ്ങളും എന്ന നോവല്‍ ഹിന്ദിയിലേക്കു വിവർത്തനം ചെയ്‌തിട്ടുണ്ട്...
1989ല്‍ ആരംഭിച്ച മുട്ടത്തു വര്‍ക്കി ഫൌണ്ടേഷന്‍ മലയാള സാഹിത്യത്തിലെ സംഭാവനകള്‍ക്കായി എല്ലാവര്‍ഷവും അവാര്‍ഡ് നല്‍കുന്നു. മലയാളത്തിലെ മിക്ക എഴുത്തുകാര്‍ക്കും ഈ സമ്മാനം നല്‍കിക്കഴിഞ്ഞു. ഒ വി വിജയന്‍ , വൈക്കം മുഹമ്മദ് ബഷീര്‍ തുടങ്ങി 2011 ല്‍ സാറാ ജോസഫ് വരെ എത്തി നില്‍ക്കുന്നു സമ്മാനിതരുടെ നിര.
തയ്യാറാക്കിയത് : ശ്രീദേവി പിള്ള
സ്ഥിതിവിവരക്കണക്കുകള്‍
വര്‍ഷം | കഥ | സംഭാഷണം | തിരക്കഥ |
---|---|---|---|
1957 | 2 | 2 | 1 |
1958 | 1 | 1 | 1 |
1960 | 1 | 1 | 1 |
1961 | 2 | 2 | 1 |
1962 | - | 1 | 1 |
1963 | - | 1 | 1 |
1965 | 2 | 2 | 2 |
1966 | 1 | - | - |
1968 | 2 | 2 | 2 |
1969 | 1 | 1 | 1 |
1970 | - | 1 | 1 |
1971 | 3 | 1 | 1 |
1972 | 1 | - | - |
1973 | 3 | - | 1 |
1974 | 2 | - | - |
1975 | 1 | - | - |
1985 | 1 | - | - |
1990 | 1 | - | - |